14.11.09
ജാലകക്കാഴ്ചകള്‍
അടഞ്ഞ ജനലിലൂടെ പുറത്ത് മഴയുടെ ശബ്ദം. തുറന്നപ്പോള്‍ പാറിവീഴുന്ന ഈറന്‍ തുള്ളികള്‍. ജനലഴികളിലും നനവ്. ഓരോ ജാലകവും തുറക്കുന്നത് ഓരോ കാഴ്ചകളിലേക്കാണ്. അടയുന്നത് ഏകാന്തതയിലേക്കും. ഏതു വ്യക്തിജീവിതത്തിലും ഈ ജനലുണ്ടാകും. പുറം ലോകത്തേക്കു തുറക്കുന്നതോ അവനവനിലേക്ക് അടയുന്നതോ ആയ ഒരു ജനല്‍. ബാല്യത്തിലും കൊമാരത്തിലും യൌവ്വനത്തിലുമെല്ലാം. വെയിലിലേക്കും മഴയിലേക്കും പ്രഭാതത്തിലേക്കും പ്രദോഷത്തിലേക്കുമെല്ലാം തുറക്കുന്ന ജനല്‍. ശുഭവാര്‍ത്തകളിലേക്കും അശുഭവാര്‍ത്തകളിലേക്കും തുറക്കുന്ന ഒന്ന്. പോസ്റ്റുമാന്‍റെയും സന്ദര്‍ശകന്‍റെയും പിരിവുകാരന്‍റെയും മുഖം ആദ്യം തെളിയുന്നത് ഈ ജാലകത്തിലാണ്.ജനലും മഴയും തമ്മിലുള്ള ബന്ധമെന്താണ്? ഒന്നാം ക്ലാസ്സിലോ രണ്ടാം ക്ലാസ്സിലോ പഠിക്കുമ്പോള്‍ കുറെ ചിത്രകഥകള്‍ക്കും ക്രയോണുകള്‍ക്കും പാഠപുസ്തകങ്ങള്‍ക്കുമിടയ്ക്ക് ഉമ്മറത്തെ ഇരുമ്പഴിയിലൂടെ മഴയും വെയിലും രാത്രിയും പകലും കണ്ടതോര്‍മ്മയുണ്ട്. മഴയില്‍ ചുവന്ന ഞണ്ടുകള്‍ പുറകോട്ട് നൃത്തം വെച്ച് പോകുന്നതും. ആ ജനല്‍ പുറംലോകത്തേക്കു തുറന്നതായിരുന്നോ അതോ ബാല്യം എന്ന തടവുശിക്ഷയായിരുന്നോ, അറിയില്ല. ബാല്യത്തിന്‍റെ ശിഷ്ടപാദത്തിലെ ജനലുകള്‍ ഒരു പെയിന്‍റിങ്ങില്‍ കണ്ട പോലെ നരച്ച കെട്ടിടങ്ങളിലേക്കു തുറക്കുന്നതായിരുന്നു. ജനലിനപ്പുറം വിരസമായി പെയ്തു വീഴുന്ന വെയില്‍. ഏകാകിയുടെ തേങ്ങല്‍ പോലെ മഴ. നാട്ടിലെ പച്ചപ്പിലേക്കുള്ള ട്രയിന്‍ യാത്രയില്‍ പിന്നോക്കം ഓടി മറയുന്ന കാഴ്ചകള്‍ നിറഞ്ഞ ജനല്‍. അപരിചിതമായ ദേശങ്ങള്‍, ആളുകള്‍, കാഴ്ചകള്‍. പഴയ കുടുംബ വീടിന്‍റെ മര അഴികളിലൂടെ മണ്ണ് കുത്തിയൊലിച്ചൊഴുകുന്ന മഴവെള്ളം, കാഴ്ചയില്‍ പച്ചപ്പിന്‍റെ തണുപ്പ്. ദേഹത്തു നിന്നും വെള്ളം കുടഞ്ഞു കളയുന്ന കോഴികളും വളര്‍ത്തുനായും. നോക്കെത്താ ദൂരത്ത് പാടത്തിനു മുകളില്‍ പെയ്തു നിറയുന്ന മഴ. ജനലിനു പുറത്ത് ഉദിച്ചുയരുകയും അസ്തമിക്കുകയും ചെയ്യുന്ന പകലിരവും ജീവിതങ്ങളും. ജാലകത്തിനു പുറത്ത് ലൌബേര്‍ഡ്സ് കൂടുകൂട്ടിയ ബോഗന്‍വില്ലച്ചെടികള്‍. ജനലിലൂടെ എത്തിനോക്കുന്ന, പല ശബ്ദങ്ങളുണ്ടാക്കി ശ്രദ്ധയാകര്‍ഷിക്കുന്ന ഡോഗുഡു എന്ന ശുനകന്‍.മറ്റൊരോര്‍മ്മയില്‍ ജനലിലൂടെ കാണുന്ന മഴ പ്രണയമായിരുന്നു. വേദനകളില്‍ നിന്നു രക്ഷപെടാനുള്ള സ്വപ്നാടനം. പുഴയില്‍ പെയ്തു നിറയുന്ന മഴ. മഴത്തുള്ളികള്‍ രചിക്കുന്ന വൃത്ത ചിത്രങ്ങള്‍. ജനലില്‍ കൂടി പാതിരായ്ക്കു നീണ്ടു വന്ന് ശരീരത്തിന്‍റെ നിമ്നോന്നതങ്ങളില്‍ പരതിയ ഒരു കൈ ഭീതിദമായ ഓര്‍മ്മയും.അടമഴയത്ത് ടാര്‍പോളിന്‍ പാറിപ്പറക്കുന്ന ബസ്സിന്‍റെ ജനല്‍. നനവ് കുമിളിച്ചു നില്‍ക്കുന്ന ടാര്‍പ്പോളിന്‍. സ്കൂള്‍ ജനലിലൂടെ പെയ്യുന്ന മഴയും. സന്തോഷത്തിന്‍റെ മേമ്പോടി വിതറി ഉയര്‍ന്നു കേള്‍ക്കുന്ന മുദ്രാവാക്യങ്ങളും. ക്ലാസ്സ് മുറികള്‍ ശത്രുലിസ്റ്റില്‍ പെട്ടതുകൊണ്ടാവും കോളേജിലെ ജനലുകള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നതേയില്ല. വല്ലപ്പോഴും എടുത്തു ചാടുന്നതിനും കൂവിവിളിക്കുന്നതിനും തല അകത്തേക്കിട്ടു നോക്കുന്നതിനും മാത്രമുള്ള ജനലുകള്‍. കാമുകന്‍മാരും കാമുകിമാരും ജനലിനു പുറത്ത് നോക്കെത്തുന്നതും മണിയടിക്കുന്നതും കാത്ത് കാവല്‍ നിന്നിരുന്നു.തൊഴില്‍ ജീവിതത്തിലെ ആദ്യപാദങ്ങളില്‍ ലോഡ്ജിലെ ജനലിനു പുറത്ത് താഴെയുള്ള ഹോട്ടലില്‍ നിന്നുയരുന്ന പുക. സിഗരറ്റു പായ്ക്കറ്റും തുണ്ടുകടലാസുകളും നിറഞ്ഞു കിടക്കുന്ന മേല്‍ക്കൂര. മേല്‍ക്കൂരയുടെ അതിരിനപ്പുറം റോഡിലൂടെ പോകുന്നവരുടെ തലകള്‍. ജനലുകളില്ലാത്ത ലോഡ്ജ് മുറികള്‍ പിന്നെ താഴ്ന്ന മേല്‍ക്കൂരയുള്ള തെരുവിന്‍റെ ബഹളങ്ങളിലേക്കു തുറക്കുന്ന ജനല്‍. ജനലിനു പുറത്ത് സമ്പത്തിലും ദാരിദ്യത്തിലും സന്താപത്തിലും സന്തോഷത്തിലും തുടിക്കുന്ന ജീവിതങ്ങള്‍. ഇണചേരുന്ന നിഴലുകളിലേക്കു തുറക്കുന്ന ജനലുകള്‍. ബര്‍സാത്തിയുടെ വിശാലമായ ടെറസ്സിലെ വെയില്‍. തീ പോലെ ചൂടും ഐസ് പോലെ തണുപ്പും പൊടിക്കാറ്റും അകത്തേക്കു നെയ്തുവീഴുന്ന, വെട്ടുകിളിപ്പറ്റം പോലെ കൊതുകുകള്‍ പറന്നുകയറുന്ന ജനലുകള്‍. സമാന്തരമായി മറ്റൊരു ജീവിതം മാറിമാറിപ്പാര്‍ത്ത ഹോസ്റ്റല്‍ മുറികളിലും ജനലുകളുണ്ടായിരിക്കണം. ഏകാന്തതയില്‍ നിന്നും പുറത്തേക്കു തുറക്കുന്ന ജനലുകള്‍. ഒരു സ്വപ്നം ഒളിച്ചു നോക്കുന്ന നിദ്രയുടെ ജനലുകള്‍. ജാലകങ്ങളില്‍ കൂടെ കാണുന്ന പ്രണയം, പാരവശ്യം.ജനലുകള്‍ എന്നും ജീവിത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. പണത്തിനും പദവിക്കും തൊഴിലിനുമനുസരിച്ച് ജാലകക്കാഴ്ചകള്‍ മാത്രം മാറുന്നു. തെരുവിലെ ബഹളങ്ങളിലേക്കും പൊടിപടലങ്ങളിലേക്കും തുറന്ന ജനലുകള്‍ സമൃദ്ധിയിലേക്കും പച്ചപ്പുല്‍ത്തകിടികളിലേക്കും തുറക്കുന്നു. ആറു ശുനകന്‍മാരിലേക്കും ആറു കാറുകളിലേക്കും രണ്ടു ഭാര്യമാരുടെ നിഴല്‍ യുദ്ധങ്ങളിലേക്കും തുറക്കുന്നു. അല്ലെങ്കില്‍ ഇസ്തിരിയിട്ട പോലെ തേച്ച് ചന്തം വരുത്തിയ പതിഞ്ഞ ഭാഷയില്‍ സംസാരിക്കുന്ന ജീവിതങ്ങളിലേക്ക്. ജനലുകളുടെ നിര്‍വചനം മാറി വിന്‍ഡ്ഷീല്‍ഡുകളാകുന്നു. മഴത്തുള്ളികളും പുറംലോകവും തത്തിക്കളിക്കുന്ന വിന്‍ഡ്ഷീല്‍ഡുകള്‍. പുറംലോകത്തില്‍ നിന്നുള്ള ചെറുത്തു നില്‍പ്പ്. എസിമുറികളിലെ കര്‍ട്ടനുകള്‍ക്കു പുറകില്‍ ഒളിഞ്ഞിരിക്കുന്ന ജനലുകളാകുന്നു. പുറംകാഴ്ചകള്‍ തരാത്ത ട്രയിന്‍ബോഗികളിലെ ജനലും.ആകാശനീലിമയും വെള്ളിമേഘങ്ങളും മാത്രം തെളിയുന്ന ആകാശവീക്ഷണം തരുന്ന ചെറുജനലുകള്‍. കടലിലേക്കും കടല്‍നീലിമ (പച്ച?)യിലേക്കും തുറക്കുന്ന ക്യാബിന്‍ ജനലുകള്‍. ജീവിതത്തോടൊപ്പം ജനലുകളും വളരുകയും തളരുകയും ചെയ്യുന്നു.ജനലുകള്‍ ചാറ്റ് റൂമുകളിലേക്കും ഐഎം വിന്‍ഡോകളിലേക്കും വളരുന്നു. മറ്റൊരു ജീവിതം അവിടെ തുടിക്കുന്നു. സ്പന്ദിക്കുന്നു. ടിവി മറ്റൊരു ലോകജാലകമായി സ്വീകരണമുറിയിലും കിടപ്പു മുറിയിലും സ്ഥാനം പിടിച്ചിരിക്കുന്നു. അടുക്കള ജനല്‍ പുക പുറത്തുപോകാനുള്ള ഉപാധി മാത്രമായിരിക്കുന്നു. അടുക്കളത്തോട്ടങ്ങളിലേക്കും കരയുന്ന പൈക്കിടാങ്ങളിലേക്കും കിണറുകളിലേക്കും തുറക്കാത്ത അടുക്കള ജനലുകള്‍. പകരം ഉയരങ്ങളിലേക്കു തുറക്കുന്നു. കണ്ടതും കാണാനിരിക്കുന്നതുമായ ജാലകക്കാഴ്ചകള്‍ക്ക് വിരാമമിടുന്നതിനു മുന്‍പ്, ഒരു ഭിത്തിയുടെ അകലത്തില്‍ മറ്റൊരു ജാലകക്കാഴ്ച.പുറത്തു പെയ്യുന്ന മഴയുടെ ശബ്ദത്തില്‍ കിണുങ്ങുന്ന നാലു വയസ്സുകാരി.അമ്മാ ഇറ്റ്സ് റെയിനിങ്ങ് ഔട്സൈഡ്. കം കം.കര്‍ട്ടണ്‍ വകഞ്ഞു മാറ്റി ജനലിലൂടെ ആകാംക്ഷയോടെ മഴ കാണുന്ന അമ്മയും കുഞ്ഞും.മഴ കാണുമ്പോള്‍ അമ്മയുടെ ആത്മഗതം.വെന്‍ അമ്മ വാസ് യംഗ്...ഐ വാസ് ഇന്‍ കേരള, നമ്മുടെ നാട്..........................അല്‍പ്പസമയത്തിനു ശേഷം വീണ്ടും കുഞ്ഞു ശബ്ദം.വില്‍ യൂ ടേക് മീ ദേര്‍...നിശബ്ദതയ്ക്കു ശേഷംയെസ് ബേബി. ഐ വില്‍ ടേക് യൂ ദേര്‍ ഒണ്‍സ്ആ അമ്മയും ജാലകക്കാഴ്ചകള്‍ കൊതിച്ചിരിക്കുമോ?