28.2.10

ഡിലീറ്റ് ചെയ്യാലോ പിന്നെന്താ?......

പ്ലീസ്, പ്ലീീസ്, പ്ലീീീീസ്...... ഒരു തവണ??പ്ലീീസ്



വേണ്ട


എന്തിനാന്നേ


പറ്റില്ല


പറ്റില്ല എന്ന് പറഞ്ഞാ പറ്റില്ലല്ലോ, എന്റെ പൊന്നല്ലേ


അയ്യോ, അത് വേണ്ട


നോക്ക് ഞാന്‍ എത്ര തവണ പ്ലീസ് പറഞ്ഞു, കഷ്ടമുണ്ട്ട്ടോ


അയ്യോ അതോണ്ടല്ല, എനിക്ക് ....


എന്തിനാ ഇപ്പോ അത് എടുക്കുന്നേ?


എനിക്ക് ഒന്ന് നോക്കാനാ, എനിക്ക് എപ്പോളും കണ്ടോണ്ടിരിക്കാലോ എന്റെ മോളൂസിനെ


വേണ്ട,വേറെ ആരെങ്കിലും കണ്ടാലോ


ഇല്ല, കണ്ടു കഴിഞ്ഞ് നമുക്ക് ഡിലീറ്റ് ചെയ്യാലോ പിന്നെന്താ?......






വല്ലതും മനസിലായോ? നാട്ടിലെ മൊബൈല്‍ ഫോണുകളില്‍ പാറി നടക്കുന്ന നാടന്‍ നീലത്തുണ്ടുകളില്‍ മിക്കവയുടെയും തുടക്കത്തില്‍ കേള്‍ക്കുന്ന സംഭാഷണമാണ് മുകളില്‍ വായിച്ചത്. ശാരീരികമായി ബന്ധപ്പെടുന്നത് കാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന 90 ശതമാനം പുരുഷന്‍മാരെയും പങ്കാളികളായ സ്ത്രീകള്‍ നിരുല്‍സാഹപ്പെടുത്താറാണ് പതിവ്. പ്രിയപ്പെട്ടവന്റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ മോഹമുണ്ടെങ്കിലും അതുണ്ടാക്കാനിടയുള്ള ഗുലുമാലുകള്‍ ഭയന്ന് അവര്‍ ആദ്യം നിസഹകരിക്കും. പുരുഷന്‍മാരല്ലേ പുള്ളികള്‍ അവര്‍ പാലേ തേനേ കണ്ണേ എന്നൊക്കെ വിളിച്ച് വീണ്ടും കെഞ്ചും. അലിഞ്ഞുപോകുന്ന മനസുള്ള സ്ത്രീകളില്‍ ചുരുക്കം ചിലര്‍ പിന്നെ എതിരൊന്നും പറയില്ല-എന്നാലും ഭൂരിഭാഗം പേരും പറ്റില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കും. എന്നും കണ്ടിരിക്കാനാണെന്നൊക്കെ പിന്നെയും സെന്റി ഇറക്കി നോക്കും, അതും ഫലിക്കാതാവുമ്പോഴാണ് ഡിലീറ്റ് ചെയ്തേക്കാം എന്ന് ഉറപ്പു കൊടുക്കുന്നത്. അതോടെ കാര്യങ്ങള്‍ വഴിമാറും.






സ്വകാര്യത ഉറപ്പാണെന്നും ഒന്നു രണ്ടു തവണ കണ്ടു കൊതി തീര്‍ന്ന ശേഷം പ്രിയ ഭര്‍ത്താവ്/കാമുകന്‍ /സഹപാഠി /സുഹൃത്ത് ഫയല്‍ ഡിലീറ്റ് ചെയ്തു കളയുമെന്നും വിശ്വസിച്ച് പാവം പെണ്‍കിടാങ്ങള്‍ വഴങ്ങിക്കൊടുക്കും. വേറെ ആരും കാണില്ലെന്നും കണ്ട ഉടന്‍ ഡിലീറ്റ് ചെയ്യുമെന്നും വിശ്വസിപ്പിച്ച് എടുത്ത കിടപ്പറ രംഗങ്ങളാണ് നമ്മുടെ നാട്ടിലെ മുക്കിലും മൂലകളിലും കവലകളിലും ക്ലാസ്മുറികളിലും കൈമാറി കൈമാറി നീങ്ങുന്നത്. അത്തരം ഉറപ്പുകളില്‍ വിശ്വസിച്ചതിന്റെ പേരില്‍ കണ്ണീര്‍ കുടിക്കുന്ന പതിനായിരക്കണക്കിന് സ്ത്രീകളാണ് നമ്മുടെ നാട്ടിലുള്ളത്. പ്രതികാരം വീട്ടാന്‍ വേണ്ടി ചില പുരുഷന്‍മാര്‍ ഇത്തരം ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത ശേഷം നാടുനീളെ പ്രചരിപ്പിക്കുന്നു. ചിലര്‍ അതീവ രഹസ്യമായി കൂട്ടുകാരെ മാത്രം കാണിക്കുന്നു, അവര്‍ അവരുടെ കൂട്ടുകാരെ മാത്രം കാണിക്കുന്നു അങ്ങിനെ കൈമാറി കൈമാറി നാടാകെ പാട്ടാകുന്നു.ഈയിടെ സംഭവിച്ച പല ആത്മഹത്യകളുടെയും കാരണം അതു തന്നെ.






എന്റെ പങ്കാളി വേറെ ആരെയും കാണിക്കില്ല അതു കൊണ്ട് എനിക്ക് കുഴപ്പമില്ല എന്ന് വിശ്വസിക്കുന്ന സ്ത്രീകളുണ്ട്, ഞാന്‍ തന്നെ ഡിലീറ്റ് ചെയ്ത് കളഞ്ഞു ഇനി പ്രശ്നമില്ല എന്ന് സമാധാനിക്കുന്നവരുണ്ട്- അവരോട് കാലു പിടിച്ചു പറയുന്നു- പൊന്നുപെങ്ങളേ സംഭവിച്ചത് സംഭവിച്ചു ഇനി മേലില്‍ ഈ വൈകൃതത്തിന് കൂട്ടുനില്‍ക്കാതിരിക്കുക. നിങ്ങളുടെ ഭര്‍ത്താവിന്റെ ഫോണിന്/മെമ്മറി കാര്‍ഡിന് എന്തെങ്കിലും കേടുപാട് സംഭവിച്ചു എന്നു വെക്കുക, മൂപ്പര്‍ അത് നന്നാക്കാന്‍ കൊടുക്കുമോ? ഡിലീറ്റ് ചെയ്ത ദൃശ്യങ്ങള്‍ അവിടെ നിന്ന് വീണ്ടും ജീവന്‍ വെക്കും. ഈയിടെ ഒരു യുവ സിനിമാതാരത്തിന്റെയും ഭാര്യയുടെയും രഹസ്യ നിമിഷങ്ങള്‍ ഇ മെയില്‍ ആയി പ്രചരിച്ചത് അങ്ങിനെയാണ്.ഫയല്‍ ഡിലീറ്റ് ചെയ്തതൊന്നും ഒരു വിഷയമല്ല ഫോണ്‍ റിപ്പയര്‍ ചെയ്യാനറിയുന്ന ഏത് കൊച്ചുകുട്ടിക്കും നിഷ്പ്രയാസം റിക്കവര്‍ ചെയ്യാന്‍ കഴിയും അതെല്ലാം.






ഇതുവരെ സംഭവിച്ചതെല്ലാം മറന്നേക്കുക, കഴിഞ്ഞ കാര്യം ഓര്‍ത്ത് ടെന്‍ഷന്‍ അടിച്ചിട്ട് കാര്യമില്ല പക്ഷെ നിങ്ങളുടെ പങ്കാളി ഇനി അത്തരം ഒരു ആഗ്രഹം പറയുകയാണെങ്കില്‍ തീര്‍ത്തു പറയുക എനിക്ക് പറ്റില്ല എന്ന്. എല്ലാ ആപത്തുകളില്‍ നിന്നും അപമാനങ്ങളില്‍ നിന്നും എല്ലാവരെയും സര്‍വശക്തനായ തമ്പുരാന്‍ കാത്തുരക്ഷിക്കട്ടെ


.