15.3.10

മൊബൈല്‍ മനോരോഗികള്‍

സുഹൃത്ത്‌ മൊബൈല്‍ ഫോണ്‍ നീട്ടിയിട്ടുപറഞ്ഞു: `ഇത്‌ നോക്ക്‌ ...' ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന സുഹൃത്ത്‌ ഭാര്യയുടെ രണ്ടാമത്തെ പ്രസവത്തിനായാണ്‌ നാട്ടില്‍ വന്നിരിക്കുന്നത്‌. നവജാതശിശുവിന്റെ ഫോട്ടോയായിരിക്കും മൊബൈലിലുള്ളത്‌ എന്നുകരുതി ഞാന്‍ ജിജ്‌ഞാസയോടെ വാങ്ങി നോക്കി. ചതഞ്ഞരഞ്ഞ മൃതദേഹത്തിന്‍െറ തല! രണ്ടു കണ്ണുകളും ശരീരത്തില്‍ നിന്നു വേര്‍പെട്ട്‌ പുറത്തു തൂങ്ങിക്കിടക്കുന്നു. മുഖമെന്നു പറയാന്‍ ഒന്നും ബാക്കിയില്ല. ഭിത്തിയില്‍ ചേര്‍ത്ത്‌ അരച്ചതുപോലെ...

എന്റെ തല കറങ്ങി. `ഹോ ഭയങ്കരം തന്നെ; അല്ലേ?' സുഹൃത്ത്‌ ചോദിച്ചു. ആണെന്നോ അല്ലെന്നോ ഞാന്‍ പറഞ്ഞില്ല.

'എന്‍.എച്ചില്‍ക്കൂടി വരുമ്പോള്‍ ടാങ്കര്‍ ലോറീടെ അടിയില്‍ ഒരു ബൈക്കുകാരന്‍. സംഭവം നടന്നതേയുള്ളൂ. ഞാന്‍ കാറീന്ന്‌ ചാടിയിറങ്ങി എടുത്തതാ....' - സുഹൃത്ത്‌ വിശദീകരിച്ചു. 17 വര്‍ഷത്തെ സൗഹൃദത്തിനിടയില്‍ സുഹൃത്തിന്റെ മുഖത്ത്‌ ഇത്രയും ആവേശം ഇരച്ചുകയറുന്നത്‌ ഞാന്‍ കണ്ടിട്ടില്ല.

എന്നാല്‍, പൊടുന്നനെ ആവേശം ദുഃഖത്തിനു വഴിമാറി. `ഒന്നും ബാക്കിയില്ലായിരുന്നു. ഓണ്‍ ദ സ്‌പോട്ട്‌ തീര്‍ന്നു. കഷ്‌ടമായിപ്പോയി. ചെറുപ്പക്കാരനാ...' - സുഹൃത്ത്‌ മൊബൈല്‍ കീശയിലിട്ടു.



ഈ സംഭവം നടന്നതിനു രണ്ടു ദിവസത്തിനുശേഷമാണ്‌ തമ്പാനൂരില്‍ ലോഡ്‌ജ്‌ കെട്ടിടം ഇടിഞ്ഞുവീണ്‌ ആറുപേര്‍ മരിച്ചത്‌. ദുരന്തം ഫ്‌ളാഷായി ടി.വിയില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ തിരുവനന്തപുരത്ത്‌ പൊലീസില്‍ ജോലിയുള്ള സുഹൃത്ത്‌ സലീമിനെ വിളിച്ചു. അവന്‍ പറഞ്ഞു: സത്യമാണ്‌. ഞാനും സംഭവസ്‌ഥലത്തുണ്ട്‌. എത്രപേര്‍ മരിച്ചെന്ന്‌ കൃത്യമായി പറയാന്‍ പറ്റില്ല. പക്ഷേ ഇവിടെ നടക്കുന്നത്‌ നിന്നെപ്പോലെയുള്ള പത്രപ്രവര്‍ത്തകര്‍ വന്നൊന്ന്‌ കാണണം. പൊലീസിനുപോലും അകത്തുകയറാന്‍ പറ്റാത്തരീതിയില്‍ കാഴ്‌ചക്കാര്‍ മൊബൈല്‍ ക്യാമറയുമായി ഇടിച്ചുനില്‍ക്കുകയാണ്‌. അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന മൃതദേഹങ്ങളുടെ പടമെടുക്കാനാണ്‌ ജനത്തിന്റെ ഇടി...'



സംഭവം സത്യമായിരുന്നു. മൊബൈല്‍ ക്യാമറക്കാരെ വടംകെട്ടിമാറ്റി നിര്‍ത്തിയിട്ടാണത്രേ ഫയര്‍ഫോഴ്‌സ്‌ ഉള്ളില്‍ കടന്നത്‌.



എല്ലാത്തരത്തിലും മനോ- ഞരമ്പ്‌ രോഗികളാണ്‌ മലയാളികള്‍. അവന്റെ പുതിയ മനോരോഗമാണ്‌ മൊബൈല്‍ ക്യാമറയിലെ പടമെടുപ്പ്‌. ചതഞ്ഞരഞ്ഞ ശവം മുതല്‍ സിനിമാതാരത്തിന്റെ ശവസംസ്‌കാരം വരെയും ബീച്ചിലെ കുളിസീന്‍ മുതല്‍ സാരിക്കിടയിലൂടെ കാണുന്ന വയറിന്റെ കീറുവരെ മലയാളി ആവേശത്തോടെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തും. സിനിമാനടിമാരെ കണ്ടാല്‍ അറപ്പിക്കുന്ന ആവേശവുമായി കോട്ടും സൂട്ടും ധരിച്ച മാന്യന്മാര്‍വരെ മൊബൈലുമായി ഓടുന്നതു കാണാം. ഏതു ജനക്കൂട്ടത്തിലും ഉയര്‍ന്നുനില്‍ക്കുന കുറേ കൈകള്‍ കാണും. അതിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ക്യാമറയും.



അടുത്തിടെ ചേര്‍ത്തലയ്‌ക്കടുത്ത്‌ ഒരു കടല്‍പ്പുറത്ത്‌ കാഴ്‌ചകാണാനെന്ന വ്യാജേന ഇരുന്ന്‌ പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുത്ത യുവാക്കളെ നാട്ടുകാര്‍ കൈകാര്യം ചെയ്‌ത്‌ പൊലീസില്‍ ഏല്‌പിച്ചിരുന്നു. തന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച യുവാവിനെ നടി നയന്‍താര ചീത്തവിളിച്ച്‌ ചെവിപൊട്ടിച്ചതും ഈയിടെയാണ്‌.



അത്‌ തന്നെയാണ്‌ ഈ മനോരോഗികളോട്‌ ചെയ്യേണ്ടത്‌. ദുരന്തം നടക്കുന്ന സ്‌ഥലത്തും മറ്റും മൊബൈലുമായി കാഴ്‌ച കാണാനെത്തുന്നവരെ നിര്‍ദാക്ഷിണ്യം കൈകാര്യം ചെയ്യണം. അന്യന്റെ ചോരകണ്ടു രസിക്കുന്ന മനോരോഗം നിങ്ങളിലുണ്ടെങ്കില്‍ ഉടന്‍ ചികിത്‌സതേടുകയും വേണം.

ലോകം അനുനിമിഷം മത്‌സരബുദ്ധിയോടെ മുന്നേറുമ്പോള്‍ കേരളം മാത്രം പുതുപുതു മനോരോഗങ്ങളുമായി അനുനിമിഷം പിന്നോട്ട്‌!