Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

18.9.11

ഈ വലയില്‍ കുടുങ്ങാതിരിക്കുക...


"നിങ്ങളുടെ ജോലിയെയോ പഠനത്തെയോ തടസ്സപ്പെടുത്താതെ, ഒഴിവു സമയം ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ഒരു ബിസിനസ്. വലിയ തുക മുടക്കു മുതലില്ലാതെ ആരംഭിക്കാന്‍ സാധിക്കുന്ന ഒന്ന്. മുടക്കിയ പണത്തിന് ഉല്‍പ്പന്നം ലഭിക്കുന്നതിനാല്‍ ഒരിക്കലും തന്നെ നഷ്ടം ഭയപ്പെടേണ്ടതില്ല.'' നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികളുടെ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നവര്‍ സ്ഥിരം കേള്‍ക്കുന്ന ആകര്‍ഷകമായ ഓഫര്‍.
 
സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയ, മോഹവലയം സൃഷ്ടിച്ച് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വേരൂന്നിയ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികള്‍ 10 വര്‍ഷത്തിനകം ആയിരക്കണക്കിന് കോടി രൂപയാണ് സാധാരണക്കാരുടെ പോക്കറ്റില്‍ നിന്ന് കൊള്ളയടിച്ചത്. രജിസ്റര്‍ ചെയ്തതനുസരിച്ച് ആയിരം കോടി രൂപയുടെ തട്ടിപ്പു നടന്നതായി ഡി.ജി.പി. വ്യക്തമാക്കുകയുണ്ടായി. ഇതിന്റെ എത്രയോ ഇരട്ടിയാണ് യഥാര്‍ഥ കണക്ക്. ആര്‍.എം.പി, ആംവേ, ബിസേര്‍, ടൈക്കൂണ്‍, നാനോ എക്സല്‍, മോഡികെയര്‍, അജന്തകെയര്‍, കോണിബയോ, ഗുഡ്വേ.... ആളുകള്‍ക്ക് താഴെ ആളുകളെ ചേര്‍ക്കുന്നവരെല്ലാം ഇതില്‍ പെട്ടവരാണ്. മധ്യവര്‍ഗ സമൂഹത്തിലെ വിദ്യാര്‍ഥികളെയും യുവാക്കളെയുമാണ് ഇവര്‍ വലയില്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത്.
എന്താണ് നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ്
'മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്' എന്നും അറിയപ്പെടുന്ന ഇത് പഴയ മണിചെയിന്‍ തട്ടിപ്പ് തന്നെയാണ്. പിരമിഡ് സ്കീം എന്ന് പടിഞ്ഞാറന്‍ നാടുകളില്‍ അറിയപ്പെടുന്ന തട്ടിപ്പ്. നിയമക്കുരുക്കില്‍ നിന്ന് രക്ഷ നേടുന്നതിനായി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും മറപിടിച്ചാണ് ഇന്ന് ഇവ വ്യാപിച്ചു കൊണ്ടിരിക്കുന്നത്. അല്‍ബേനിയ, റഷ്യ, റുമേനിയ തുടങ്ങി പലരാജ്യങ്ങളുടെയും സാമ്പത്തികാടിത്തറ പാപ്പരാക്കിയത് ഇതത്രെ.
 
ഓരോ  ഡിസ്ട്രിബ്യൂട്ടര്‍ക്കും തന്റെ താഴെ തട്ടിലുള്ളവരുടെ വില്‍പനകളില്‍ നിന്ന് ലാഭവിഹിതം ലഭിക്കുന്ന ഒരു മാര്‍ക്കറ്റിംഗ് ശൈലിയാണ് ഇത്. സാധാരണ ബിസിനസില്‍ ഒരു വ്യാപാരി/ഡീലര്‍ നേരിട്ട് വില്‍ക്കുന്ന ഉല്‍പന്നങ്ങളില്‍ നിന്നും, നല്‍കുന്ന സേവനങ്ങളില്‍ നിന്നുമാണ് ലാഭം നേടുന്നത്. എന്നാല്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗില്‍ ഒരാളുടെ ഇടപാടുകള്‍ തീര്‍ന്നതിന് ശേഷവും താഴെ തട്ടുകളില്‍ നടക്കുന്ന കച്ചവടങ്ങളിലൂടെ അയാള്‍ക്ക് ലാഭം ലഭിച്ചു കൊണ്ടിരിക്കും.
 
ഒരു  ഉപഭോക്താവ് ഉയര്‍ന്ന വിലയ്ക്ക് ഉല്‍പന്നങ്ങള്‍വാങ്ങി കണ്ണിചേരുന്നു. അയാള്‍ രണ്ട് പേരെ കണ്ണി ചേര്‍ക്കുന്നു. ഇങ്ങനെ കണ്ണികള്‍ 1,2,4,8,16,32..... ആയി പെരുകുമ്പോള്‍ ഓരോ ജോഡിക്കും നിശ്ചിത സംഖ്യ മുകള്‍ തട്ടിലുള്ളവര്‍ക്ക് ലഭിക്കുന്നു. വരുമാനം മാസത്തില്‍ പതിനായിരവും ലക്ഷവുമായി വര്‍ദ്ധിക്കും. കേട്ടാല്‍ അത്ഭുതം തോന്നുമെങ്കിലും ഇത്തരം കമ്പനികള്‍ നല്‍കുന്ന കപട വാഗ്ദാനങ്ങളാണ് ഇതെല്ലാം. ഇത്രയും ഉയര്‍ന്ന വരുമാനം ഉല്‍പന്നങ്ങളുടെ വില്‍പനയിലൂടെ ലഭിക്കുകയില്ല. ഉല്‍പന്നങ്ങളാകട്ടെ ഉയര്‍ന്ന വിലയുള്ളവയും ഗുണനിലവാരം കുറഞ്ഞവയും ഇല്ലാത്ത ഗുണവിശേഷണങ്ങളോട് കൂടി പരിചയപ്പെടുത്തപ്പെട്ടവയും നിത്യോപയോഗ വസ്തുക്കളുടെ ഗണത്തില്‍ ഉള്‍പ്പെടാത്തവയുമായിരിക്കും. വില്‍പനയിലൂടെ ഇവര്‍ നല്‍കുന്ന കമീഷന്‍ ഇരുപതോ ഇരുപത്തിയഞ്ചോ ശതമാനമാണ്. ഉല്‍പന്നം എന്നത് കണ്ണിചേര്‍ക്കുന്നതിനുള്ള ഒരു മറമാത്രം. ഈ ബിസിനസുകളുടെ ഊന്നല്‍ ഉല്‍പന്നങ്ങളിലല്ല, മറിച്ച് താഴെ തട്ടില്‍ കണ്ണിചേര്‍ക്കാനും അതിന്റെ കമീഷന്‍ പറ്റാനുമാണ്.
 
ഇത്തരം കമ്പനികളുടെയൊന്നും ഡിസ്ട്രിബ്യൂട്ടര്‍മാര്‍ അവരുടെ ഉല്‍പന്നങ്ങളുമായി വീടുകളില്‍ കയറിയിറങ്ങി വില്‍പന നടത്തുന്നതോ സ്ഥാപനങ്ങള്‍ (കടകള്‍) വഴി വില്‍പന നടത്തുന്നതോ നാം കാണുന്നില്ല. തങ്ങളുടെ സുഹൃത്തുക്കളോടും പരിചയക്കാരോടും ബിസിനസിനെ കുറിച്ച് ഇവര്‍ സംസാരിക്കുകയാണ് ചെയ്യുക. ഇവരുടെ ബിസിനസ് മീറ്റിങ്ങുകളില്‍ ഡിസ്ട്രിബ്യൂട്ടര്‍മാരെ കണ്ണിചേര്‍ക്കുന്നതിനെ കുറിച്ചും അതിലൂടെ ലഭിക്കുന്ന പണത്തിന്റെ  വിസ്മയിപ്പിക്കുന്ന കണക്കിനെ കുറിച്ചുമാണ് ചര്‍ച്ച. ഉല്‍പന്നങ്ങളുടെ ഗുണമേന്മയോ വിലക്കുറവോ അല്ല, മറിച്ച് ധാരാളം ആളുകളെ കണ്ണിചേര്‍ത്തു കൊണ്ടിരുന്നാല്‍ തങ്ങളും ഒരുനാള്‍ മുകള്‍ തട്ടിലെത്തുകയും മാസത്തില്‍ ലക്ഷങ്ങളുടെ വരുമാനത്തിനുടമയായി തീരുമെന്നുമുള്ള വ്യാമോഹമാണ് യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇത്തരം മീറ്റിംഗുകളില്‍ വാടകക്കെടുത്തതോ കടം വാങ്ങിയതോ ലോണിന് തരപ്പെടുത്തിയതോ ആയ മേത്തരം വാഹനങ്ങളില്‍ വന്നിറങ്ങുന്ന മുകള്‍ തട്ടിലുള്ള ഡിസ്ട്രിബ്യൂട്ടര്‍മാരുടെ പൊങ്ങച്ച പ്രകടനങ്ങളും വേഷഭൂഷാദികളും ചെറുപ്പക്കാരെ ഈ വലയില്‍ വീഴ്ത്തുന്നു. ധാരാളം ആളുകളെ പുതുതായി കണ്ണിചേര്‍ത്തുകൊണ്ടിരുന്നാല്‍ നിങ്ങളും ഒരുനാള്‍ മുകളിലെത്തുകയും ധാരാളം പണം നേടുകയും ചെയ്യുമെന്ന് പിരമിഡിന്റെ താഴെയുള്ളവര്‍ക്ക് ഇവര്‍ വാഗ്ദാനം നല്‍കുന്നു.
 
വിമര്‍ശനം എന്തുകൊണ്ട്?
ഇത്തരം കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്നത് കച്ചവടമല്ല. കച്ചവടമെന്നാല്‍ ഉല്‍പന്നങ്ങള്‍/ സേവനങ്ങള്‍ വിറ്റഴിക്കലാണ്. ഇവിടെ പുതിയ കണ്ണിയെ അഥവാ വിതരണക്കാരനെ ഉണ്ടാക്കുന്നതിനാണ് പ്രാധാന്യം. തന്റെ ഉല്‍പന്നം വിറ്റഴിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിതരണക്കാരന്‍ പുതിയ വിതരണക്കാരനെ ഉണ്ടാക്കുകയില്ല. ഇനി ഇതൊരു ബിസിനസാണെങ്കില്‍ ഈ രംഗത്തേക്ക് കടന്ന് വരുന്ന ഒരു പുതിയ വിതരണക്കാരന്‍ അറിയാന്‍ താല്‍പര്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്. താന്‍ വിതരണക്കാരനാകാന്‍ പോകുന്ന പ്രദേശത്ത് നിലവില്‍ എത്ര വിതരണക്കാര്‍ (ഡിസ്ട്രിബ്യൂട്ടര്‍/ ഏജന്റ്) ഉണ്ട്? പുതുതായി എത്രയാളുകളെ നിയമിക്കും? ഓരോരുത്തര്‍ക്കും പ്രവര്‍ത്തിക്കുന്നതിനുള്ള പ്രദേശം ഏതാണ്? ഈ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരമില്ലാതെ ഒരാള്‍ക്കെങ്ങനെ പുതിയ വിതരണക്കാരനാകാന്‍ കഴിയും? ഉപഭോക്താക്കള്‍ മുഴുവന്‍ ഡിസ്ട്രിബ്യൂട്ടര്‍മാരായി മാറിയാല്‍ ആര്‍ക്കാണ് വില്‍പന നടത്തുക? അപ്പോള്‍ പ്രൊഡക്റ്റ് എന്നത് കണ്ണി ചേര്‍ക്കുന്നതിനുള്ള ഒരു മറമാത്രമാണ്. കണ്ണി വികസിപ്പിക്കുക എന്നതാണ് ലാഭം  ലഭിക്കുന്നതിനുള്ള  മാര്‍ഗം എന്ന് വ്യക്തം.
 
കണ്ണിചേര്‍ക്കല്‍ തട്ടിപ്പാകുന്നത്
നെറ്റ്വര്‍ക്കില്‍ അംഗമാകുന്നതോടെ ലാഭം കൊയ്യുന്നതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ  താഴെ 2 കണ്ണി ചേര്‍ക്കുക (ഒരാള്‍ക്ക് താഴെ എത്ര പേരെ വേണമെങ്കിലും കണ്ണിചേര്‍ക്കാമെന്ന് പറഞ്ഞ വമ്പന്മാരുമുണ്ട്). അവരുടെ താഴെ 4 ഇങ്ങനെ കണ്ണികള്‍ 1, 2, 4, 8, 16, 32...... ആയി പെരുകി താഴേക്ക് വികസിക്കുമ്പോള്‍ ഓരോ ജോഡിക്കും നിശ്ചിത തുക ലാഭമായി ലഭിക്കും. ലഭിക്കുന്ന സംഖ്യ കമ്പനികള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. 
 
ഇത് ഓര്‍മിപ്പിക്കുന്നത് പഴയ ഒരു കഥയാണ്. കഥ ഇങ്ങനെ. പണ്ട് ഒരു രാജാവും ഒരു ഗ്രാമീണനും ചെസ് മത്സരത്തില്‍ ഏര്‍പ്പെട്ടു. കളിയില്‍ സമര്‍ഥനായ രാജാവിനെ  തോല്‍പിക്കുന്നവര്‍ക്ക് ചോദിക്കുന്ന എന്തും സമ്മാനമായി നല്‍കാമെന്നാണ് വാഗ്ദാനം. പലരും തോറ്റ് പിന്മാറിയെങ്കിലും നമ്മുടെ ഗ്രാമീണന്‍ കളിയില്‍ രാജാവിനെ പരാജയപ്പെടുത്തി. രാജാവ് സമ്മാനം ആവശ്യപ്പെടാന്‍ പറഞ്ഞു. ഗ്രാമീണന്റെ  ആവശ്യം വളരെ ലളിതമായിരുന്നു.  ചെസ് ബോര്‍ഡില്‍ 64 കളങ്ങളുണ്ട്. അതിനാല്‍ 64 ദിവസം രാജാവ് ഗ്രാമീണന് അരി നല്‍കണം. ഒന്നാമത്തെ ദിവസം ഒരു ചാക്ക്. രണ്ടാം ദിവസം രണ്ട് ചാക്ക്. മൂന്നാം ദിവസം നാല് ചാക്ക്. രാജാവിന് ആവശ്യം വളരെ നിസാരമായി തോന്നി. അരി നല്‍കി തുടങ്ങി. കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് സമ്മാനത്തിന്റെ വില രാജാവിന് ബോധ്യമായത്. 1, 2, 3, 4, 8, 16.... ഈ ക്രമത്തില്‍ പത്താം ദിവസം 512 ചാക്കും പതിനഞ്ചാം ദിവസം 16384 ചാക്കും  ഇരുപതാം ദിവസം 16777216 ചാക്കും! ഇങ്ങനെ പോയാല്‍ 64 ദിവസം കൊണ്ട് രാജാവ് ആകെ  എത്ര ചാക്ക് അരിയാണ് ഗ്രാമീണന് കൊടുക്കേണ്ടി വരിക!!!?
 
രണ്ട് പേരെ വീതം താഴേക്ക് ചേര്‍ത്തി കണ്ണി വികസിപ്പിക്കുക എന്നത് അത്ര ലളിതമല്ലെന്നര്‍ഥം. മുപ്പത്തിമൂന്നാമത്തെ ലെവലില്‍ ലോക ജനത മുഴുവന്‍ ഇതില്‍ കണ്ണി ചേര്‍ന്ന് തീര്‍ന്നിരിക്കും. മുകള്‍ തട്ടിലുള്ളവര്‍ക്ക് ലാഭം കൂടുതല്‍ ലഭിക്കും. താഴേക്ക് വരുന്ന മുറക്ക് ലാഭം കുറഞ്ഞ് വരും. താഴെ തട്ട് പൂരിതമാകുമ്പോള്‍ ലാഭം കിട്ടാതായും വരും. പിരമിഡില്‍ നേരത്തെ കയറിപ്പറ്റുക, അല്ലെങ്കില്‍ അതി കൌശലക്കാരനായി താഴെ തട്ടിലുള്ളവരെ വഞ്ചിക്കുക. ഇതാണ് ഈ പദ്ധതിയില്‍ വിജയം കൊയ്യാനുള്ള മാര്‍ഗം. എന്തായാലും ഇതില്‍ നഷ്ടം പറ്റുന്ന ഒരാളുണ്ട്. അത് നമ്മളാവാതിരിക്കലാണ് തന്ത്രം.
 
ഉദാഹരണമായി ആര്‍.എം.പി.യെ എടുക്കാം. ഒരു പ്രദേശത്ത് 15 ആളുകള്‍ 1, 2, 4, 8 എന്ന ക്രമത്തില്‍ കമ്പനിയില്‍ കണ്ണികളായി എന്ന് സങ്കല്‍പ്പിക്കുക. ഒരാളില്‍ നിന്ന് കമ്പനി 7000 രൂപ ഈടാക്കുകയാണെങ്കില്‍ കമ്പനിക്ക് 105000 രൂപ ലഭിക്കുന്നു. ഈ പിരമിഡില്‍ ഒന്നാമത്തെ കണ്ണിക്ക് മാത്രമേ മുടക്കിയ കാശ് ലഭിക്കുകയുള്ളൂ. ഇതില്‍ എട്ട്പേര്‍ ഏറ്റവും താഴെയാണ് ഉള്ളത്. ഇവര്‍ക്ക് മുടക്കിയ പണം ലഭിക്കണമെങ്കില്‍ അവരുടെ താഴെ 112 ആളുകള്‍ കൂടി കൃത്യമായി വന്നുചേരേണ്ടതുണ്ട്. അപ്പോള്‍ നെറ്റ്വര്‍ക്കില്‍ ആകെ 127 പേരുണ്ടാകും. ഇതില്‍ ഏഴ് പേര്‍ക്ക്  മാത്രമേ ലാഭം ലഭിക്കുകയുള്ളൂ. അതായത് 5.51 ശതമാനം പേര്‍ക്ക് മാത്രം. ബാക്കി 94.49 ശതമാനം പേര്‍ക്കും ലാഭമില്ലെന്ന് മാത്രമല്ല, 112 ആളുകള്‍ക്ക് (88.19 ശതമാനം) മുടക്കിയ കാശ് പോലും ലഭിക്കുകയില്ല. അതായത് താഴെയുള്ള ലക്ഷക്കണക്കിന് ആളുകളുടെ നഷ്ടത്തില്‍ നിന്ന് മുകളിലെ ന്യൂനപക്ഷത്തിന് ലാഭം നല്‍കുന്ന ഘടനയാണ് ഇതിനുള്ളത്.
 
സ്വന്തമായി ഉല്‍പന്നങ്ങളുള്ള ഒരാള്‍ക്ക് താഴെ എത്രപേരെ വേണമെങ്കിലും കണ്ണിചേര്‍ക്കാവുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന എം.എല്‍.എം. കമ്പനിയാണ് ആംവേ. ഇതില്‍ കണ്ണിചേര്‍ന്ന താഴെ തട്ടിലുള്ളവരുടെ അവസ്ഥ എത്ര ദയനീയം! ഏറ്റവും വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന, ലോകത്താകമാനം ശൃംഖലകളുള്ള, അമേരിക്കയിലെ മിച്ചിഗണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബഹു രാഷ്ട്ര കുത്തക ഭീമനാണ് ആംവെ. സൌന്ദര്യ വര്‍ധക വസ്തുക്കള്‍, ക്ളീനിംഗ് ലോഷനുകള്‍, ഫുഡ് സപ്ളിമെന്റുകള്‍ തുടങ്ങിയവയാണ് ഇവരുടെ ഉല്‍പന്നങ്ങള്‍. ബിസിനസ് രീതിയുമായും ഉല്‍പന്നങ്ങളുമായും ബന്ധപ്പെട്ട് കേരളത്തിലുള്‍പ്പെടെ ഇവര്‍ക്കെതിരില്‍ കേസുകള്‍ നിലവിലുണ്ട്. 
 
ആംവെയുടെ ഗ്ളുക്കോസാമിന്‍ എന്ന ഉല്‍പന്നത്തിനെതിരില്‍ ഡ്രഗ്സ് അധികൃതര്‍ കേസെടുക്കുകയുണ്ടായി. ഇതില്‍ സന്ധിവേദനക്ക് ശമനം ലഭിക്കുന്നതിനുള്ള വേദന സംഹാരിയാണ് അടങ്ങിയിരിക്കുന്നത്. ഇതിനുള്ള യഥാര്‍ഥ മരുന്ന് ലൈസന്‍സുള്ള കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്നത് മെഡിക്കല്‍ സ്റോറുകളില്‍ ഒരു ഗുളികക്ക് ഒരുരൂപയില്‍ കുറവേ വരൂ. എന്നാല്‍ ഫുഡ് സപ്ളിമെന്റ് എന്ന പേരില്‍ വില്‍ക്കുമ്പോള്‍ വില തോന്നിയ പോലെയാവാം. കഴിഞ്ഞ നൂറ്റാണ്ടില്‍  ശരാശരി ഒരു ആംവെ ഡിസ്ട്രിബ്യൂട്ടര്‍ക്ക് ലാഭമായി കിട്ടിയിരുന്നത് 700 ഡോളറാണ്. എന്നാല്‍ ആംവേ ഉല്‍പന്നങ്ങള്‍ക്ക് വേണ്ടി അയാള്‍ 1000 ഡോളര്‍ ചെലവഴിക്കുന്നു. ഇതു തന്നെയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. ഡിസ്ട്രിബ്യൂട്ടര്‍മാര്‍ എന്ന ഓമനപ്പേരിട്ട് ലോകമെമ്പാടും ലക്ഷക്കണക്കിന് സ്ഥിരം ഉപഭോക്താക്കളെ സൃഷ്ടിച്ചെടുക്കുക. ആംവെ ഡിസ്ട്രിബ്യൂട്ടര്‍മാരില്‍ 10% ത്തില്‍ താഴെയുള്ളവര്‍ക്ക് മാത്രമേ ലാഭം ലഭിക്കുന്നുള്ളൂ. തന്റെ താഴെയുള്ളവര്‍ വാങ്ങുന്ന ഉല്‍പന്നങ്ങളുടെ വിലയുടെ നല്ലൊരു ശതമാനം പെര്‍ഫോമന്‍സ് ഇന്‍സെന്റീവ് എന്ന പേരിലും റോയല്‍റ്റി എന്ന പേരിലും മുകള്‍  തട്ടിലുള്ളവര്‍ കീശയിലാക്കുന്നു. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടൈക്കൂണ്‍ എംപയര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്പനിയും എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസേര്‍ എന്ന കമ്പനിയും സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ഷെയര്‍ ബിസിനസ്, റിയല്‍ എസ്റേറ്റ് തുടങ്ങിയവയിലൂടെ വന്‍ലാഭം വാഗ്ദാനം ചെയ്താണ് കോടികള്‍ തട്ടിയത്. പേരും സൂത്രങ്ങളും മാറിമാറി ഉപയോഗിച്ച് കൊണ്ട് നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്ന ചൂഷണ വല നമ്മുടെ നാട്ടിന്‍ പുറങ്ങളിലേക്ക് തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിച്ച് കഴിഞ്ഞു. അടുത്ത ദിനങ്ങളിലായി വാര്‍ത്തകളില്‍ ഇടംപിടിച്ച ടൈക്കൂണ്‍, ബിസേര്‍ എന്നിവ ഈ ഗണത്തില്‍ അവസാനത്തേതല്ല എന്നുറപ്പ്.
 
സാമൂഹിക ധാര്‍മിക പ്രശ്നങ്ങള്‍
വ്യക്തികള്‍ തമ്മിലുള്ള മാര്‍ക്കറ്റിംഗ് ശൈലിയായതിനാല്‍ താഴെ തട്ടിലേക്ക് ആളെ കിട്ടുന്നതിന് വ്യക്തിബന്ധങ്ങള്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു. കുടുംബ ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിചയക്കാരെയും നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും കണ്ണിചേര്‍ക്കുന്നു. ഇവര്‍ക്ക് ലാഭം കിട്ടാതെ പോകുന്നതോടെ സാമൂഹിക ബന്ധങ്ങള്‍ വഷളാകുന്നു. ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന തട്ടിപ്പിലും സമുദ്രത്തിലെ ഹിമമല പോലെ ചെറിയൊരു ഭാഗം മാത്രമേ വെളിപ്പെട്ടിട്ടുള്ളു. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണിച്ചേര്‍ക്കുന്നതിനാല്‍ ഇരകളാരും തന്നെ തന്റെ മുകള്‍ തട്ടിലുള്ള കണ്ണിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയില്ല. കേസുകള്‍ കുറഞ്ഞു പോകുന്നതിന്റെ കാരണം ഇതുകൂടിയാണ്. അപമാനം സഹിക്കവയ്യാതെ വീടും നാടും ഉപേക്ഷിച്ചു പോയവരെയും ആത്മഹത്യയില്‍ അഭയം തേടിയവരെയും നമുക്ക് ഇക്കൂട്ടത്തില്‍ കാണാന്‍ കഴിയും. 
 
നെറ്റ്വര്‍ക്കില്‍ കണ്ണിചേരുന്ന മുഴുവന്‍ ആളുകള്‍ക്കും വലിയ ലാഭം ലഭിക്കുമെന്ന് പ്രതീക്ഷ നല്‍കിയാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇത് കടുത്ത വഞ്ചനയാണ്. പിരമിഡിലെ ഏറ്റവും മുകള്‍തട്ടിലുള്ളവരെ മാത്രമേ ഈ ബിസിനസ് ലക്ഷ്യം വെക്കുന്നുള്ളൂ. അത് കൊണ്ട് തന്നെ ഇത് തട്ടിപ്പും വഞ്ചനയുമാണ്.
 
അമിതമായ ലാഭ പ്രതീക്ഷ നല്‍കുന്നതിനാല്‍ ഇത് ചൂതാട്ടത്തിന്റെ വിഭാഗത്തില്‍ ഉള്‍പെടുമെന്ന് ഇസ്ലാമിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അനുവദിക്കപ്പെട്ട ഒരു കച്ചവട രീതിയിലും ഇത് പെടുന്നില്ല.
 
പലിശക്ക് കടമെടുത്തും ലോണ്‍ വാങ്ങിയും പണമുണ്ടാക്കി ഈ ബിസിനസില്‍ ചേര്‍ന്നവന്റെ കണ്ണീരില്‍  കുതിര്‍ന്ന കറന്‍സിയാണ് ലാഭമെന്ന പേരില്‍ മുകള്‍ തട്ടിലുള്ളവര്‍ തിന്നുകൊണ്ടിരിക്കുന്നത്. നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കേവലം ഒരു നിരോധിത വ്യാപാര ഇടപാട് മാത്രമല്ല, മുതലാളിത്ത പദ്ധതിയുടെ വിശാല അജണ്ടയില്‍ പെട്ട ഗൂഢ ലക്ഷ്യംകൂടിയാണ്.
 
ലോകത്തെ ധനമൊന്നാകെ ഏതാനും വന്‍കിട കുത്തകകളിലേക്ക് കേന്ദ്രീകരിച്ച്  ആഗോള മേധാവിത്വവും അധീശത്വവും അരക്കിട്ടുറപ്പിക്കുക എന്നതാണ് ഇതിന്റെ യഥാര്‍ഥ ലക്ഷ്യം. പലിശയധിഷ്ഠിത സാമ്പത്തിക സ്ഥാപനങ്ങള്‍, അവര്‍ നല്‍കുന്ന വായ്പകള്‍, ഊഹ മൂലധനത്തിന്റെ ഉയര്‍ന്ന തോതിലുള്ള ഇടപാടുകള്‍ എന്നിവയെല്ലാം ഇവരുടെ ഉപകരണങ്ങളാണ്. നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗും അത്തരം ഒരു ഉപകരണമാണ്.  ഒരിക്കലും യാഥാര്‍ഥ്യമാകാത്ത സ്വപ്ന പദ്ധതികളില്‍ പണമെറിഞ്ഞ് ലക്ഷക്കണക്കിന് ആളുകളെ ചതിയിലകപ്പെടുത്തുകയാണ്. മാത്രമല്ല, ഇത്തരം ആഗോള കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന സ്ഥിരം ഉപഭോക്താക്കളെ സൃഷ്ടിക്കലും ഇവരുടെ ലക്ഷ്യമാണ്. അതിനാല്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗിന്റെ പിന്നിലുള്ള മറ്റു ഗൂഢോദ്ദേശ്യങ്ങള്‍ കൂടി പുറത്ത് വരുമ്പോള്‍ ഇതുണ്ടാക്കുന്ന വിപത്ത് ഇരട്ടിക്കുകയാണ്.
 
ഒരു എസ്.എസ്.എല്‍.സി ക്കാരന്റെ നിലവാരത്തിലുള്ള ഗണിതക്രിയപോലും ചെയ്യാന്‍ പറ്റാത്തവിധം ആര്‍ത്തിമൂത്ത ഒരു സമൂഹത്തിന്റെ ദുരവസ്ഥയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഉള്ളതുകൊണ്ട് മാന്യമായി ജീവിക്കാനും വരുമാനത്തിനനുസരിച്ച് സ്വപ്നങ്ങള്‍ നെയ്യാനും ഇനിയും നാം പഠിക്കേണ്ടിയിരിക്കുനു. അമിതമായ പണവും ലാഭവും വാഗ്ദാനം ചെയ്ത് നമ്മുടെ മുമ്പിലെത്തുന്ന സ്ഥാപനങ്ങളില്‍ വാരിക്കോരി പണം നിക്ഷേപിച്ച് തട്ടിപ്പിന് തലവെച്ചു കൊടുക്കുന്നവര്‍ തന്നെയാണ് ഇതില്‍ ഒന്നാം പ്രതി. 
 
നീതിയും സമത്വവും ചൂഷിതരോടുള്ള അനുഭാവവും ഉയര്‍ത്തിപ്പിടിക്കുന്നവരെ സംബന്ധിച്ചേടത്തോളം ഈ നീച വ്യാപാരശൈലിയില്‍ നിന്ന് മാറി നില്‍ക്കുക എന്നതിലപ്പുറം, ഇത്തരം പൈശാചികതകള്‍ക്കെതിരെ ശക്തമായി മുന്നോട്ട് വരിക എന്നതും ധാര്‍മിക ബാധ്യതയാണ്. 

15.3.10

മൊബൈല്‍ മനോരോഗികള്‍

സുഹൃത്ത്‌ മൊബൈല്‍ ഫോണ്‍ നീട്ടിയിട്ടുപറഞ്ഞു: `ഇത്‌ നോക്ക്‌ ...' ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന സുഹൃത്ത്‌ ഭാര്യയുടെ രണ്ടാമത്തെ പ്രസവത്തിനായാണ്‌ നാട്ടില്‍ വന്നിരിക്കുന്നത്‌. നവജാതശിശുവിന്റെ ഫോട്ടോയായിരിക്കും മൊബൈലിലുള്ളത്‌ എന്നുകരുതി ഞാന്‍ ജിജ്‌ഞാസയോടെ വാങ്ങി നോക്കി. ചതഞ്ഞരഞ്ഞ മൃതദേഹത്തിന്‍െറ തല! രണ്ടു കണ്ണുകളും ശരീരത്തില്‍ നിന്നു വേര്‍പെട്ട്‌ പുറത്തു തൂങ്ങിക്കിടക്കുന്നു. മുഖമെന്നു പറയാന്‍ ഒന്നും ബാക്കിയില്ല. ഭിത്തിയില്‍ ചേര്‍ത്ത്‌ അരച്ചതുപോലെ...

എന്റെ തല കറങ്ങി. `ഹോ ഭയങ്കരം തന്നെ; അല്ലേ?' സുഹൃത്ത്‌ ചോദിച്ചു. ആണെന്നോ അല്ലെന്നോ ഞാന്‍ പറഞ്ഞില്ല.

'എന്‍.എച്ചില്‍ക്കൂടി വരുമ്പോള്‍ ടാങ്കര്‍ ലോറീടെ അടിയില്‍ ഒരു ബൈക്കുകാരന്‍. സംഭവം നടന്നതേയുള്ളൂ. ഞാന്‍ കാറീന്ന്‌ ചാടിയിറങ്ങി എടുത്തതാ....' - സുഹൃത്ത്‌ വിശദീകരിച്ചു. 17 വര്‍ഷത്തെ സൗഹൃദത്തിനിടയില്‍ സുഹൃത്തിന്റെ മുഖത്ത്‌ ഇത്രയും ആവേശം ഇരച്ചുകയറുന്നത്‌ ഞാന്‍ കണ്ടിട്ടില്ല.

എന്നാല്‍, പൊടുന്നനെ ആവേശം ദുഃഖത്തിനു വഴിമാറി. `ഒന്നും ബാക്കിയില്ലായിരുന്നു. ഓണ്‍ ദ സ്‌പോട്ട്‌ തീര്‍ന്നു. കഷ്‌ടമായിപ്പോയി. ചെറുപ്പക്കാരനാ...' - സുഹൃത്ത്‌ മൊബൈല്‍ കീശയിലിട്ടു.



ഈ സംഭവം നടന്നതിനു രണ്ടു ദിവസത്തിനുശേഷമാണ്‌ തമ്പാനൂരില്‍ ലോഡ്‌ജ്‌ കെട്ടിടം ഇടിഞ്ഞുവീണ്‌ ആറുപേര്‍ മരിച്ചത്‌. ദുരന്തം ഫ്‌ളാഷായി ടി.വിയില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ തിരുവനന്തപുരത്ത്‌ പൊലീസില്‍ ജോലിയുള്ള സുഹൃത്ത്‌ സലീമിനെ വിളിച്ചു. അവന്‍ പറഞ്ഞു: സത്യമാണ്‌. ഞാനും സംഭവസ്‌ഥലത്തുണ്ട്‌. എത്രപേര്‍ മരിച്ചെന്ന്‌ കൃത്യമായി പറയാന്‍ പറ്റില്ല. പക്ഷേ ഇവിടെ നടക്കുന്നത്‌ നിന്നെപ്പോലെയുള്ള പത്രപ്രവര്‍ത്തകര്‍ വന്നൊന്ന്‌ കാണണം. പൊലീസിനുപോലും അകത്തുകയറാന്‍ പറ്റാത്തരീതിയില്‍ കാഴ്‌ചക്കാര്‍ മൊബൈല്‍ ക്യാമറയുമായി ഇടിച്ചുനില്‍ക്കുകയാണ്‌. അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന മൃതദേഹങ്ങളുടെ പടമെടുക്കാനാണ്‌ ജനത്തിന്റെ ഇടി...'



സംഭവം സത്യമായിരുന്നു. മൊബൈല്‍ ക്യാമറക്കാരെ വടംകെട്ടിമാറ്റി നിര്‍ത്തിയിട്ടാണത്രേ ഫയര്‍ഫോഴ്‌സ്‌ ഉള്ളില്‍ കടന്നത്‌.



എല്ലാത്തരത്തിലും മനോ- ഞരമ്പ്‌ രോഗികളാണ്‌ മലയാളികള്‍. അവന്റെ പുതിയ മനോരോഗമാണ്‌ മൊബൈല്‍ ക്യാമറയിലെ പടമെടുപ്പ്‌. ചതഞ്ഞരഞ്ഞ ശവം മുതല്‍ സിനിമാതാരത്തിന്റെ ശവസംസ്‌കാരം വരെയും ബീച്ചിലെ കുളിസീന്‍ മുതല്‍ സാരിക്കിടയിലൂടെ കാണുന്ന വയറിന്റെ കീറുവരെ മലയാളി ആവേശത്തോടെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തും. സിനിമാനടിമാരെ കണ്ടാല്‍ അറപ്പിക്കുന്ന ആവേശവുമായി കോട്ടും സൂട്ടും ധരിച്ച മാന്യന്മാര്‍വരെ മൊബൈലുമായി ഓടുന്നതു കാണാം. ഏതു ജനക്കൂട്ടത്തിലും ഉയര്‍ന്നുനില്‍ക്കുന കുറേ കൈകള്‍ കാണും. അതിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ക്യാമറയും.



അടുത്തിടെ ചേര്‍ത്തലയ്‌ക്കടുത്ത്‌ ഒരു കടല്‍പ്പുറത്ത്‌ കാഴ്‌ചകാണാനെന്ന വ്യാജേന ഇരുന്ന്‌ പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുത്ത യുവാക്കളെ നാട്ടുകാര്‍ കൈകാര്യം ചെയ്‌ത്‌ പൊലീസില്‍ ഏല്‌പിച്ചിരുന്നു. തന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച യുവാവിനെ നടി നയന്‍താര ചീത്തവിളിച്ച്‌ ചെവിപൊട്ടിച്ചതും ഈയിടെയാണ്‌.



അത്‌ തന്നെയാണ്‌ ഈ മനോരോഗികളോട്‌ ചെയ്യേണ്ടത്‌. ദുരന്തം നടക്കുന്ന സ്‌ഥലത്തും മറ്റും മൊബൈലുമായി കാഴ്‌ച കാണാനെത്തുന്നവരെ നിര്‍ദാക്ഷിണ്യം കൈകാര്യം ചെയ്യണം. അന്യന്റെ ചോരകണ്ടു രസിക്കുന്ന മനോരോഗം നിങ്ങളിലുണ്ടെങ്കില്‍ ഉടന്‍ ചികിത്‌സതേടുകയും വേണം.

ലോകം അനുനിമിഷം മത്‌സരബുദ്ധിയോടെ മുന്നേറുമ്പോള്‍ കേരളം മാത്രം പുതുപുതു മനോരോഗങ്ങളുമായി അനുനിമിഷം പിന്നോട്ട്‌!

കല്യാണ തലേന്ന് സംഭവിക്കുന്നത്.......

പണ്ടൊക്കെ നമ്മുടെ നാട്ടിലെ വിവാഹങ്ങള്‍ കൂട്ടായ്മയുടെയും സഹകരണത്തിന്റെയും ആഘോഷങ്ങള്‍ ആയിരുന്നു.രണ്ടു പതിറ്റാണ്ട് മുമ്പൊക്കെ വിവാഹപ്പന്തല്‍ മുതല്‍ ഭക്ഷണ കാര്യങ്ങള്‍ വരെ അയല്‍വാസികളും കൂട്ടുകാരും ഏറ്റെടുക്കുകയായിരുന്നു.കല്യാണത്തലേന്ന് കുറെ ആള്‍ക്കാര്‍ ഉണ്ടാകും,പക്ഷെ തിന്നു മുടിപ്പിക്കാനും കല്യാണം കലക്കാനും വേണ്ടിയായിരുന്നില്ല അവര്‍ വന്നിരുന്നത് ,സ്വന്തം വീട് പോലെ കരുതി ഒരു പവിത്രമായ കാര്യത്തിന്റെ വിജയവും ഭംഗിയായ പര്യവസാനവും ഉറപ്പുവരുത്തനായിരുന്നു. ഒരു വീട്ടുകാരന്റെ മനസ്സിലെ സര്‍വ ആശങ്കകളും നിറഞ്ഞ ആത്മാര്‍ഥതയും എല്ലാവര്ക്കും ഉണ്ടായിരുന്നു.മതത്തിന്റെയോ കക്ഷി രാഷ്ട്രീയത്തിറെയോ വേലിക്കെട്ടുകള്‍ അവരെ യാതൊരു വിധത്തിലും പരസ്പര സഹകരണത്തില്‍ നിന്ന് മാറ്റിയിരുന്നില്ല.വിശ്വാസവും സ്നേഹവുമായിരുന്നു അവരുടെ മുഖമുദ്ര ഇന്ന് കാര്യങ്ങള്‍ ഏറെ മാറി.പണ ദൂര്‍ത്ത്തിന്റെയും ആര്ഭാടങ്ങളുടെയും കൂത്തരങ്ങുകലായി പവിത്രമായ ചടങ്ങുകള്‍ മാറി.ഒരു വ്യക്തിയുടെ ജീവിതത്തിലെ അതി പ്രധാനമായ ഒരു കാര്യത്തിന്റെ നാന്ദിയായി വളരെ ആദരവോടെയും അര്‍ഹിക്കുന്ന ബഹുമാനത്തോടെയും സമീപിക്കേണ്ട വിവാഹങ്ങള്‍ ഒരു പ്രാധാന്യവും നല്‍കാത്ത ആത്മീയതയുടെ ഒരംശം പോലും ഇല്ലാത്ത ചടങ്ങുകളായി മാറി.പകരം പല കാര്യങ്ങളും കല്യാണ വീടുകളില്‍ കയറികൂടി.






മദ്യം വിളമ്പുന്നതില്‍ ഒരു സ്വകാര്യത പുലര്‍ത്തിയിരുന്നു പണ്ടൊക്കെ,എന്നാല്‍ പിതാവും മകനും ഒന്നിച്ചിരുന്നു മദ്യം കഴിക്കുന്നതില്‍ യാതൊരു സങ്കോചവും പ്രകടിപ്പിക്കാത്ത സമൂഹത്തിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണം .അത്രയും തരമുള്ളവര്‍ അത്രമേല്‍ പരസ്യമായ ഒരു മദ്യ സല്ക്കാരമായി വിവാഹ തലേന്ന് പാര്‍ടി സജ്ജീകരിക്കുന്നു. ചിലര്‍ അല്പം സ്വകാര്യത പുലര്‍ത്തി രഹസ്യ മദ്യ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നു. ഇതിനൊന്നും കഴിയാത്തവര്‍ എവിടെയെങ്കിലും പോയിസൌകര്യ പൂര്‍വ്വം കുടിക്കാനായി പണം നല്‍കുന്നു.എന്തായാലും കല്യാണ തലേന്ന് അല്പം അടിച്ചു പൂസാവല്‍ യുവാക്കള്‍ക്കിടയില്‍ ഒരു ചടങ്ങായി മാറിയിരിക്കുന്നു എന്ന് വേണം പറയാന്‍.ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു വിവാഹ വീട്ടിലെ അവസ്ഥ മനസ്സിലാക്കാനോ കഴിയുന്ന സഹകരണങ്ങള്‍ ചെയ്യാനോ യുവ തലമുറയിലെ ആരെയും കാണില്ല എന്നത് സത്യമല്ലേ?വയറു നിറച്ചു ഭക്ഷണം കഴിക്കും വരെ എല്ലാവരെയും കാണും.പിന്നെ ചെറു സംഘങ്ങളായി ഏതെങ്കിലും തരമുള്ള സ്ഥലം കണ്ടെത്തി മദ്യ ലഹരിയില്‍ ആര്മാദിക്കാനുള്ള സമയം ! ഇതാണ് ഇടത്തരം വീടുകളില്‍ കല്യാണ തലേന്ന് സംഭവിക്കുന്നത്.






മൂക്കറ്റം മദ്യം കഴിച്ചു ലെക്കു കെട്ടു കല്യാണ വീടുകളില്‍ വന്നു സ്ത്രീകളെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ വരെ പലയിടങ്ങളിലും നടക്കുന്നു എന്നതാണ് ഏറെ ദുഖകരം.ഇങ്ങനെയൊക്കെ നടന്നിട്ടും പലപ്പോഴും സ്വന്തം മക്കളെ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്കോ കാരണവന്മാര്‍ക്കോ സാധിക്കാതെ പോകുന്നു. ചുറ്റുപാടുമുള്ള തിന്മകളോട് പ്രതികരിക്കാന്‍ ചങ്കൂറ്റമുള്ള ഒരു തലമുറയുടെ അഭാവം സമൂഹത്തിന്റെ സന്തുലിത അവസ്ഥയെ സാരമായി ബാധിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. മക്കളെ പേടിച്ചു കൊണ്ടാണ് പല മാതാപിതാക്കളും ജീവിക്കുന്നത്.സ്വന്തം എന്ന സ്വാര്‍ഥതയുടെ പൈശാചികതയാണ് പൊതുവേ ജനങ്ങളെ നിയന്ത്രിക്കുന്നത്.ഇടപെടല്‍ എന്ന സ്വഭാവം പിന്‍വലിയുന്ന അവസ്ഥയാണ് കാണുന്നത്.






ചുറ്റുപാടുമുള്ള ലോകത്തെ മിഥ്യയായ ഭാവങ്ങളെ കൈ കുമ്പിളില്‍ കൊണ്ട് വരാനായി ശ്രമിക്കുന്ന യുവ തലമുറയാണ് കൂടുതലും.മദ്യത്തിന്റെയും ഡ്രഗ് സിന്റെയും ലോകത്തെയാണ് ഇതിനായി കൂട്ട് പിടിക്കുന്നത്, നന്മയും തിന്മയും ,സത്യവും അസത്യവും,നല്ലതും ചീത്തയും ഇതൊക്കെ അപേക്ഷികമാണെന്നാണ് ഇവരുടെ വാദം.ആത്മീയതയും മതവും ജീവിതത്തില്‍ നിന്ന് പാടെ അകന്നു പോയി.ഏത് മതമായാലും മത തത്വങ്ങളെ ബഹുമാനിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന തലമുറ കുറഞ്ഞു വരുന്നു എന്നതും സത്യമാണ്.ബോളിവുഡ് ഹോളിവുഡ് സിനിമകളിലെ മത്തു പിടിപ്പിക്കുന്ന രംഗങ്ങള്‍ വികാര തീവ്രതയോടെ മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു വിഭാഗത്തില്‍ നിന്ന് കാര്യമായി ഒന്നും പ്രതീക്ഷിക്കുക വയ്യ.അവര്‍ ഭാവനകളെയും ഭാവങ്ങളെയും നല്ലത് ചീത്ത എന്ന് നോക്കാതെ യാദാര്‍ത്ഥ്യം ആക്കാന്‍ ശ്രമിക്കുകയാണ്.






ഇതിന്‍റെ പ്രതികരണമായി ഭവിക്കുന്നത് മറ്റൊന്നുമല്ല ,ഒരു ജനതയുടെ ,ഒരു സംസ്കാരത്തിന്റെ അപചയമാണ്.!!

28.2.10

ഡിലീറ്റ് ചെയ്യാലോ പിന്നെന്താ?......

പ്ലീസ്, പ്ലീീസ്, പ്ലീീീീസ്...... ഒരു തവണ??പ്ലീീസ്



വേണ്ട


എന്തിനാന്നേ


പറ്റില്ല


പറ്റില്ല എന്ന് പറഞ്ഞാ പറ്റില്ലല്ലോ, എന്റെ പൊന്നല്ലേ


അയ്യോ, അത് വേണ്ട


നോക്ക് ഞാന്‍ എത്ര തവണ പ്ലീസ് പറഞ്ഞു, കഷ്ടമുണ്ട്ട്ടോ


അയ്യോ അതോണ്ടല്ല, എനിക്ക് ....


എന്തിനാ ഇപ്പോ അത് എടുക്കുന്നേ?


എനിക്ക് ഒന്ന് നോക്കാനാ, എനിക്ക് എപ്പോളും കണ്ടോണ്ടിരിക്കാലോ എന്റെ മോളൂസിനെ


വേണ്ട,വേറെ ആരെങ്കിലും കണ്ടാലോ


ഇല്ല, കണ്ടു കഴിഞ്ഞ് നമുക്ക് ഡിലീറ്റ് ചെയ്യാലോ പിന്നെന്താ?......






വല്ലതും മനസിലായോ? നാട്ടിലെ മൊബൈല്‍ ഫോണുകളില്‍ പാറി നടക്കുന്ന നാടന്‍ നീലത്തുണ്ടുകളില്‍ മിക്കവയുടെയും തുടക്കത്തില്‍ കേള്‍ക്കുന്ന സംഭാഷണമാണ് മുകളില്‍ വായിച്ചത്. ശാരീരികമായി ബന്ധപ്പെടുന്നത് കാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന 90 ശതമാനം പുരുഷന്‍മാരെയും പങ്കാളികളായ സ്ത്രീകള്‍ നിരുല്‍സാഹപ്പെടുത്താറാണ് പതിവ്. പ്രിയപ്പെട്ടവന്റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ മോഹമുണ്ടെങ്കിലും അതുണ്ടാക്കാനിടയുള്ള ഗുലുമാലുകള്‍ ഭയന്ന് അവര്‍ ആദ്യം നിസഹകരിക്കും. പുരുഷന്‍മാരല്ലേ പുള്ളികള്‍ അവര്‍ പാലേ തേനേ കണ്ണേ എന്നൊക്കെ വിളിച്ച് വീണ്ടും കെഞ്ചും. അലിഞ്ഞുപോകുന്ന മനസുള്ള സ്ത്രീകളില്‍ ചുരുക്കം ചിലര്‍ പിന്നെ എതിരൊന്നും പറയില്ല-എന്നാലും ഭൂരിഭാഗം പേരും പറ്റില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കും. എന്നും കണ്ടിരിക്കാനാണെന്നൊക്കെ പിന്നെയും സെന്റി ഇറക്കി നോക്കും, അതും ഫലിക്കാതാവുമ്പോഴാണ് ഡിലീറ്റ് ചെയ്തേക്കാം എന്ന് ഉറപ്പു കൊടുക്കുന്നത്. അതോടെ കാര്യങ്ങള്‍ വഴിമാറും.






സ്വകാര്യത ഉറപ്പാണെന്നും ഒന്നു രണ്ടു തവണ കണ്ടു കൊതി തീര്‍ന്ന ശേഷം പ്രിയ ഭര്‍ത്താവ്/കാമുകന്‍ /സഹപാഠി /സുഹൃത്ത് ഫയല്‍ ഡിലീറ്റ് ചെയ്തു കളയുമെന്നും വിശ്വസിച്ച് പാവം പെണ്‍കിടാങ്ങള്‍ വഴങ്ങിക്കൊടുക്കും. വേറെ ആരും കാണില്ലെന്നും കണ്ട ഉടന്‍ ഡിലീറ്റ് ചെയ്യുമെന്നും വിശ്വസിപ്പിച്ച് എടുത്ത കിടപ്പറ രംഗങ്ങളാണ് നമ്മുടെ നാട്ടിലെ മുക്കിലും മൂലകളിലും കവലകളിലും ക്ലാസ്മുറികളിലും കൈമാറി കൈമാറി നീങ്ങുന്നത്. അത്തരം ഉറപ്പുകളില്‍ വിശ്വസിച്ചതിന്റെ പേരില്‍ കണ്ണീര്‍ കുടിക്കുന്ന പതിനായിരക്കണക്കിന് സ്ത്രീകളാണ് നമ്മുടെ നാട്ടിലുള്ളത്. പ്രതികാരം വീട്ടാന്‍ വേണ്ടി ചില പുരുഷന്‍മാര്‍ ഇത്തരം ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത ശേഷം നാടുനീളെ പ്രചരിപ്പിക്കുന്നു. ചിലര്‍ അതീവ രഹസ്യമായി കൂട്ടുകാരെ മാത്രം കാണിക്കുന്നു, അവര്‍ അവരുടെ കൂട്ടുകാരെ മാത്രം കാണിക്കുന്നു അങ്ങിനെ കൈമാറി കൈമാറി നാടാകെ പാട്ടാകുന്നു.ഈയിടെ സംഭവിച്ച പല ആത്മഹത്യകളുടെയും കാരണം അതു തന്നെ.






എന്റെ പങ്കാളി വേറെ ആരെയും കാണിക്കില്ല അതു കൊണ്ട് എനിക്ക് കുഴപ്പമില്ല എന്ന് വിശ്വസിക്കുന്ന സ്ത്രീകളുണ്ട്, ഞാന്‍ തന്നെ ഡിലീറ്റ് ചെയ്ത് കളഞ്ഞു ഇനി പ്രശ്നമില്ല എന്ന് സമാധാനിക്കുന്നവരുണ്ട്- അവരോട് കാലു പിടിച്ചു പറയുന്നു- പൊന്നുപെങ്ങളേ സംഭവിച്ചത് സംഭവിച്ചു ഇനി മേലില്‍ ഈ വൈകൃതത്തിന് കൂട്ടുനില്‍ക്കാതിരിക്കുക. നിങ്ങളുടെ ഭര്‍ത്താവിന്റെ ഫോണിന്/മെമ്മറി കാര്‍ഡിന് എന്തെങ്കിലും കേടുപാട് സംഭവിച്ചു എന്നു വെക്കുക, മൂപ്പര്‍ അത് നന്നാക്കാന്‍ കൊടുക്കുമോ? ഡിലീറ്റ് ചെയ്ത ദൃശ്യങ്ങള്‍ അവിടെ നിന്ന് വീണ്ടും ജീവന്‍ വെക്കും. ഈയിടെ ഒരു യുവ സിനിമാതാരത്തിന്റെയും ഭാര്യയുടെയും രഹസ്യ നിമിഷങ്ങള്‍ ഇ മെയില്‍ ആയി പ്രചരിച്ചത് അങ്ങിനെയാണ്.ഫയല്‍ ഡിലീറ്റ് ചെയ്തതൊന്നും ഒരു വിഷയമല്ല ഫോണ്‍ റിപ്പയര്‍ ചെയ്യാനറിയുന്ന ഏത് കൊച്ചുകുട്ടിക്കും നിഷ്പ്രയാസം റിക്കവര്‍ ചെയ്യാന്‍ കഴിയും അതെല്ലാം.






ഇതുവരെ സംഭവിച്ചതെല്ലാം മറന്നേക്കുക, കഴിഞ്ഞ കാര്യം ഓര്‍ത്ത് ടെന്‍ഷന്‍ അടിച്ചിട്ട് കാര്യമില്ല പക്ഷെ നിങ്ങളുടെ പങ്കാളി ഇനി അത്തരം ഒരു ആഗ്രഹം പറയുകയാണെങ്കില്‍ തീര്‍ത്തു പറയുക എനിക്ക് പറ്റില്ല എന്ന്. എല്ലാ ആപത്തുകളില്‍ നിന്നും അപമാനങ്ങളില്‍ നിന്നും എല്ലാവരെയും സര്‍വശക്തനായ തമ്പുരാന്‍ കാത്തുരക്ഷിക്കട്ടെ


.

27.11.09

സ്വര്‍ണമയം ഈ ജീവിതം !!



 
അവര്‍ക്ക് സ്വന്തം കുഞ്ഞിനെ വേണ്ട, സ്വര്‍ണം മതി?
അവനു തന്‍റെ വധുവിനെ വേണ്ട, സ്വര്‍ണം മതി!
പിന്നെ നിക്‍ഷേപകനോ? കാളയും കരടിയും വേണോ? സ്വര്‍ണം പോരേ?
കള്ളനു പിന്നെ പറയേ വേണ്ട - സ്വര്‍ണം മാത്രം മതി!!




സ്വര്‍ണ വില കുതിക്കുന്നു , ജനം  കിതയ് ക്കുന്നു ...!!!  

സ്വര്‍ണ വില കൂടി ക്കൊണ്ടേ ഇരിക്കയാണ് ......., കൂടണം,  ഇനിയും കൂടണം ...കൂടി ,കൂടി  സമൂഹത്തില്‍ ദുരന്തങ്ങള്‍ ഉണ്ടാകണം ..! പലപ്പോഴും...., ദുരന്തങ്ങള്‍ക്ക് മാത്രമേ മനുഷ്യന്റെ കണ്ണ് തുറപ്പിക്കാന്‍ കഴിയൂ ...!
മുഴത്തിനു മുഴം എന്നോണം മുളച്ചു പൊങ്ങുന്ന  സ്വര്‍ണക്കടകളും  കള്ളുഷാപ്പുകളും നാടിന്‍റെ നാശമാണ് ..,സമൂഹത്തിന്റെ ദുരന്തമാണ് ...!  മത നേതാക്കളും , മതസംഘടന കളും , രാഷ്ട്രീയ , സാംസ്കാരിക നേതാക്കളും , കലാകാരന്മാരും എല്ലാം തന്നെ , ഈ ദുരന്തം വിതയ്ക്കുന്നതില്‍  പ്രധാന പങ്ക് വഹിക്കുന്നുണ്ട് .....!!! എന്നാല്‍  വിദ്യാര്‍ഥി , യുവജന സംഘടനകളും , വനിതാ സംഘടനകളും എന്ത് കൊണ്ടോ ഇതൊന്നും കാണുന്നില്ല ....!!!

വിവാഹത്തിനു സ്വര്‍ണം അനിവാര്യമാണെന്നത്  സമൂഹത്തിന്റെ അന്തവിശ്വാസമാണ്...!  അന്തവിശ്വാസം  അറിവില്ലായ്‌മയാണ്  , അറിവില്ലായ്‌മ   ദുരന്തവുമാണ് ....!!!


സമരം ചെയ്യുക !
സ്വര്‍ണത്തിനെതിരെ , സ്ത്രീധനത്തിനെതിരെ , അന്തവിശ്വാസങ്ങള്‍ക്കെതിരെ , അനാചാരങ്ങള്‍ക്കെതിരെ...!

15.11.09

Thanne Kulicholame...!!


എന്‍റെ പൊന്നേ

എന്‍റെ പൊന്നേ നിശ്ചേതനമായ ഒരു ലോഹത്തിന്റെ



പേരാണല്ലോ പ്രേമമൂര്‍ച്ഛകളിലെ നിന്റെ വിളിപ്പേരെന്നോര്‍ത്ത്‌ നിനക്കു പേടിയാവാറില്ലേ?''

പവന്റെ വില പന്തീരായിരം കടന്നു അതിലും ഉയിരേ  കുതിക്കുന്നു . പഴയ കേരളത്തിലെ ആനയുടെ വില. 'പൊന്നേ' എന്നു വിളിക്കുമ്പോള്‍ പണ്ടത്തേക്കാള്‍ മുഖം തെളിയുന്നു പ്രണയിനികള്‍ക്ക്‌. 'പാഠം ഒന്ന്‌, ഒരു വിലാപം' എന്ന ചിത്രത്തില്‍ രണ്ടാം ഭാര്യയെ മെരുക്കിത്തരാന്‍ ആദ്യഭാര്യയെ 'പൊന്നേ' എന്നു വിളിക്കുന്നു, നായകന്‍. അവള്‍ അവിശ്വാസത്തോടെ നോക്കുന്നു അയാളെ. ''ശരിക്കും ഞാന്‍ പൊന്നാണോ, ശരിക്കും?'' അവളുടെ
അവിശ്വാസം ദിവസം ചെല്ലുന്തോറും അധികരിക്കുകയാണ്‌.
സ്വര്‍ണം, ഭംഗിയുള്ള, പ്രിയമുള്ള എന്നെല്ലാമാണ്‌ ശബ്ദതാരാവലിയില്‍ പൊന്നിന്‌ അര്‍ഥം പറഞ്ഞിരിക്കുന്നത്‌. മലയാളിയുടെ സ്‌നേഹപ്രകടനങ്ങളില്‍ ഏറ്റവും മാറ്റുള്ള പദമാണ്‌ പൊന്ന്‌. 'പൊന്നുടയാതെ'പോലെ അഭിമാനത്തെ സ്‌പര്‍ശിച്ച മാടമ്പിപ്പദമില്ല. പൊന്നുങ്കട്ടേ, പൊന്നുംകുടമേ, പൊന്നേ എന്നൊക്കെ വിളിക്കപ്പെടുമ്പോള്‍ സ്വന്തം മൂല്യത്തെത്തന്നെയാണ്‌ വിളിക്കുന്നതെന്ന്‌
വിളിക്കപ്പെടുന്നവര്‍ കരുതുന്നു. തന്റെ പരിഗണനയുടെ മൂര്‍ധന്യത്തെയാണ്‌ വെളിവാക്കുന്നതെന്ന്‌ വിളിക്കുന്നവരും. പൊന്നു വിളയുന്ന പാടമെന്നും പൊന്നും ചിങ്ങമാസമെന്നും പൊന്‍വെയിലെന്നും മലയാളി ആത്മഹര്‍ഷത്തോടെ പറയുന്നു. ''പൊന്നുപോലെ നോക്കാം'' എന്നതില്‍ക്കവിഞ്ഞ ഒരു വാഗ്‌ദാനവും മലയാളിപ്പെണ്‍കുട്ടികള്‍ക്ക്‌ വേണ്ട. കേമം എന്നതിന്റെ പര്യായപദംതന്നെയായി മാറി
മലയാളത്തില്‍ പൊന്ന്‌. പൊന്നുമായിച്ചേര്‍ന്ന്‌ തിളങ്ങിയ സമസ്‌തപദങ്ങള്‍ അനവധിയുണ്ട്‌, മലയാളത്തില്‍. പൊന്‍കിണ്ടി, പൊന്നാങ്ങള, പൊന്നളിയന്‍, പൊന്നമ്പലം, പൊന്നാട.....




''പൊന്‍പഴം മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവെ'' എന്നെഴുതിയാണ്‌ വൈലോപ്പിള്ളി പഴത്തിന്റെ മൂല്യത കാട്ടിയത്‌. ഹിന്ദുക്കളുടെ ദൈവങ്ങളെല്ലാം കലശലായ പൊന്‍ഭ്രമമുള്ളവര്‍. പൊന്നിന്റെ കൊടിമരം, പൊന്‍തലേക്കെട്ട്‌ കെട്ടിയ ആനകള്‍, പൊന്‍തിടമ്പുകള്‍. പൂവുപോലും പൊന്നില്ലെങ്കില്‍ മാത്രം. ''പൊന്നില്‍ക്കുളിച്ച രാത്രി'' പോലുള്ള പ്രയോഗങ്ങള്‍ക്ക്‌ എന്തൊരു ശ്രുതിസുഖമെന്ന്‌
ആ വരിയുള്ള ചലച്ചിത്രഗാനം. ''പൊന്നരിവാളമ്പിളി'' എന്നായിരുന്നല്ലോ നമ്മുടെ കവിസ്സഖാവുപോലും രോമാഞ്ചംകൊണ്ടത്‌. (കമ്യൂണിസം വന്നാല്‍ കക്കൂസുകള്‍ പോലും സ്വര്‍ണംകൊണ്ടുള്ളതായി മാറുമെന്ന്‌ ഒരു സഖാവ്‌ ആവേശം കൊണ്ടതായി യെവ്‌തുഷെങ്കോ തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്‌).
'പൊന്നു വിളയിക്കുന്ന' എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ആലങ്കാരികം മാത്രമാണ്‌, കേരളത്തില്‍. ലോകത്തില്‍ ഉത്‌പാദിപ്പിക്കുന്ന സ്വര്‍ണത്തിന്റെ 25 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും കൂടിയ സ്വര്‍ണ ഉപഭോഗകേന്ദ്രമാണ്‌ കേരളം.

വര്‍ഷം ഏതാണ്ട്‌ 200 ടണ്‍ സ്വര്‍ണം കേരളം കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇത്‌ അമേരിക്ക പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നതിന്റെ പാതിയോളം വരുമെന്നും 'സ്വര്‍ണകേരളം' എന്ന പുസ്‌തകത്തില്‍ കെ. ജോര്‍ജ്‌ വര്‍ഗീസ്‌ പറയുന്നു. പൊന്ന്‌ ഉത്‌പാദിപ്പിക്കാത്ത, പൊന്ന്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന, കമനീയമായ ജ്വല്ലറികള്‍ നാള്‍തോറും പെരുകുന്ന കേരളക്കരയെ 'ഗോള്‍ഡ്‌സ്‌ ഓണ്‍
കണ്‍ട്രി' എന്നാണ്‌ ജോര്‍ജ്‌ വര്‍ഗീസ്‌ വിളിക്കുന്നത്‌. സ്‌ത്രീകളെ ഉത്തേജിപ്പിക്കാന്‍ പൊന്നാണ്‌ കേരളത്തില്‍ സാര്‍വത്രികമായി ഉപയോഗിക്കുന്നത്‌. എത്ര പാവങ്ങളാണ്‌ മലയാളികള്‍ എന്ന്‌ പൊന്നേ വിളികൊണ്ട്‌ വികാരഭരിതമായ കേരളീയകിടപ്പറകള്‍ പറഞ്ഞുതരും. പൊന്നിന്റെ അഭാവവും പൊന്നിനോടുള്ള അത്യാര്‍ത്തിയും കേരളത്തിലേതുപോലെ നിലനില്‍ക്കുന്ന ദരിദ്രദേശങ്ങളിലെ
ഭാഷകളിലേക്കല്ലാതെ ഇംഗ്ലീഷിലേക്ക്‌ 'പൊന്നിന്‍കുടമേ' പ്രയോഗം (ബഷീര്‍) എങ്ങനെ വിവര്‍ത്തനം ചെയ്യുമെന്ന്‌ വിവര്‍ത്തകന്‍ കുഴങ്ങുന്നു. മറ്റു ജോലികള്‍ ചെയ്യാന്‍ ആത്മാഭിമാനം സമ്മതിക്കാത്തതിനാല്‍ 'പൊന്‍പണിക്കാര്‍' പണിക്കുപോകാതെ പട്ടിണി കിടക്കുന്നുവെന്ന്‌ 'സ്വര്‍ണകേരളം' നിരീക്ഷിക്കുന്നുണ്ട്‌. 'പൊന്നായിത്തീരുക' എന്നതത്രെ മലയാളിയുടെ മോക്ഷം (കടല്‍കടന്നും).

തൊട്ടതൊക്കെ പൊന്നാക്കുന്ന നടന്‍, തൊട്ടതൊക്കെ പൊന്നാക്കുന്ന കര്‍ഷകന്‍, തൊട്ടതൊക്കെ പൊന്നാക്കിയ വ്യവസായി എന്നൊക്കെ വിശേഷിപ്പിക്കുമ്പോള്‍ ഒരു ദുരന്തപരിണാമത്തെക്കൂടി സൂചിപ്പിക്കുകയാണ്‌ നാം എന്നു നാമറിയുന്നുണ്ടോ? ഈ പ്രയോഗം എവിടെനിന്നു വന്നുവെന്നോ, ആ കഥയില്‍ തൊടുന്നതൊക്കെ പൊന്നാവുന്നത്‌ ഒരു ഭാഗ്യമായിട്ടല്ല, കെണിയായിട്ടാണ്‌ ആവിഷ്‌കൃ തമായിരിക്കുന്നത്‌.
തൊടുന്നതൊക്കെ സ്വര്‍ണമാവുന്നൊരു വരം മെഥാസ്‌ നേടുന്നു. മുന്നില്‍ക്കണ്ടതൊക്കെ തൊട്ട്‌ അയാള്‍ സ്വര്‍ണമാക്കി. നാണയങ്ങള്‍, കോപ്പകള്‍, വിളക്കുകള്‍, പാത്രങ്ങള്‍, തൂണുകള്‍, ചുവരുകള്‍, അലങ്കാരവസ്‌തുക്കള്‍... ദാഹം തോന്നിയപ്പോള്‍ അയാള്‍ പോയെടുത്ത പാത്രം സ്വര്‍ണമായി. പക്ഷേ, അതിലെ വെള്ളവും സ്വര്‍ണമായി. ഭക്ഷണത്തില്‍ അയാള്‍ തൊട്ടതും അതു സ്വര്‍ണമായി. ഭാര്യയെ അയാള്‍
തൊട്ടു, അവളൊരു സ്വര്‍ണവിഗ്രഹമായി. അയാളെ നോക്കി പേടിച്ചുനില്‍ക്കുന്ന ഒരു സ്വര്‍ണവിഗ്രഹം. താന്‍ തൊടുന്നതൊക്കെ നിശ്ചേതനമായ ഖരവസ്‌തുക്കളാവുകയാണെന്നു കണ്ട്‌, താന്‍ തൊടുന്നതൊക്കെ നിശ്ചലമാവുകയാണെന്ന്‌ കണ്ട്‌ അയാള്‍ ഭീതിദനായി. എല്ലാം മരിച്ചു സ്വര്‍ണമായിത്തീരുന്ന ഒരു പ്രവര്‍ത്തനത്തിന്റെ മാധ്യമമാവുകയാണ്‌ താനെന്നുകണ്ട്‌ അയാള്‍ നടുങ്ങി. ''തൊട്ടതൊക്കെ
പൊന്നായിപ്പോകട്ടെ'' എന്നൊരു ശാപമല്ലേ താന്‍ നേടിയെടുത്തത്‌? (നിങ്ങള്‍ പ്രാര്‍ഥിക്കുന്നത്‌ ഒരു വരത്തിനല്ല, ഒരു ശാപത്തിനാണെന്ന്‌ ആരും പറഞ്ഞുതരാത്തതെന്ത്‌?) ആഗ്രഹിച്ചാല്‍ പൊന്നാവാത്തതിലാണ്‌ അനുഗ്രഹമുള്ളതെന്ന്‌, മഹിമയുള്ളതെന്ന്‌ അയാളറിഞ്ഞു. താന്‍ നഷ്‌ടപ്പെടുത്തിയ ലോകത്തിന്റെ ചൈതന്യം അയാളറിഞ്ഞു. മനുഷ്യന്‌ മാറ്റാനാകാത്ത ചിലതുള്ളതുകൊണ്ടുകൂടിയാണ്‌ ലോകം
ഇത്ര വിസ്‌മയകരം എന്നയാള്‍ അറിഞ്ഞു. തൊട്ടതൊക്കെ ജഡമായി മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍നിന്ന്‌ തന്നെ അനുസരിക്കാത്ത ലോകത്തെ ഓര്‍ത്ത്‌ അയാള്‍ ഖേദിച്ചുകൊണ്ടിരുന്നു. അസാധ്യതയോളം വലിയ സാധ്യതയില്ലെന്നും അയാള്‍ക്കു ബോധ്യപ്പെട്ടു.

ഭാരതീയരുടെ ഭസ്‌മാസുരന്റെ കഥയും ടോള്‍സ്റ്റോയിയുടെ 'ഒരാള്‍ക്കെത്ര ഭൂമി വേണം' എന്ന കഥയും മെഥാസിന്റെ കഥതന്നെ. ആഗ്രഹിച്ചത്‌ നേടാന്‍ കഴിയുന്നവന്റെ ദുരന്തത്തെക്കുറിച്ചുള്ള കഥകളാണിവ. ബഷീറിന്റെ ഒരു കഥയില്‍ 'ഈ മണല്‍ത്തരിയത്രയും സ്വര്‍ണമാവട്ടെ' എന്നു കല്‌പിക്കുന്നുണ്ട്‌ അതിലെ നായകന്‍. ദൈവമേ, അങ്ങയുടെ അനന്തമായ മഹത്വം അതു സ്വര്‍ണമായില്ല എന്ന്‌ അറിയുന്നുണ്ട്‌.
മെഥാസിന്റെ വരം കിട്ടിയാല്‍ തുള്ളിച്ചാടുന്നവരാണ്‌ കേരളത്തിലെ രക്ഷിതാക്കളെല്ലാം. അടുത്തുകൂടി പോകുന്നവരെയൊക്കെ തൊട്ട്‌ സ്വര്‍ണമാക്കി മകള്‍ക്കുള്ള ആഭരണങ്ങള്‍ പണിയും അയാള്‍. ഇനിയും എത്ര കിളച്ചാലാണ്‌, എത്ര കട്ടാലാണ്‌, എത്ര പാഞ്ഞാലാണ്‌, എത്ര ഉന്തിയാലാണ്‌ ആവശ്യമായ പൊന്നാവുക എന്നല്ലേ ദൈനംദിന കേരളീയര്‍? അവികസിത രാജ്യങ്ങളിലെ മനുഷ്യര്‍ ആഭരണത്തിനും
ചമയങ്ങള്‍ക്കും ചെലവഴിക്കുന്നതിന്റെ ചെറിയൊരംശമേ വികസിതരാജ്യങ്ങളിലെ മനുഷ്യര്‍ ചെലവഴിക്കുന്നുള്ളൂ. മലയാളിസ്‌ത്രീക്ക്‌ നാണംമാറ്റാന്‍ വസ്‌ത്രങ്ങള്‍ മാത്രം പോരാ. മേലാസകലം സ്വര്‍ണം വേണം. അവള്‍ക്ക്‌ ഒരു 'കനകമയമൃഗം'തന്നെയാവണം. ലോകത്തിലെ ഏറ്റവും വിരൂപയായ സ്‌ത്രീ എടുത്താല്‍പൊന്താത്ത ആഭരണങ്ങളുമായി നില്‍ക്കുന്ന കേരളീയവധുവല്ലേ?

മെഥാസിന്റെ കഥയുടെ ആദ്യപകുതി കണ്ട്‌ കൈയടിക്കുന്നതിനൊപ്പം അതിന്റെ മറുപകുതിയും കാണുക. മനുഷ്യനായി ജനിച്ച്‌, കണ്‍സ്യൂമറായി മരിക്കുന്ന കേരളീയന്‍ 'ഫ്‌ളഡ്‌ലിറ്റി'ലുള്ള തുടക്കങ്ങള്‍ മാത്രം കണ്ടാല്‍പ്പോരാ. ജഡത്തിലേക്കുള്ള ഈ പരിണാമവും കാണണം.


14.11.09

ജാലകക്കാഴ്ചകള്‍

അടഞ്ഞ ജനലിലൂടെ പുറത്ത് മഴയുടെ ശബ്ദം. തുറന്നപ്പോള്‍ പാറിവീഴുന്ന ഈറന്‍ തുള്ളികള്‍. ജനലഴികളിലും നനവ്. ഓരോ ജാലകവും തുറക്കുന്നത് ഓരോ കാഴ്ചകളിലേക്കാണ്. അടയുന്നത് ഏകാന്തതയിലേക്കും. ഏതു വ്യക്തിജീവിതത്തിലും ഈ ജനലുണ്ടാകും. പുറം ലോകത്തേക്കു തുറക്കുന്നതോ അവനവനിലേക്ക് അടയുന്നതോ ആയ ഒരു ജനല്‍. ബാല്യത്തിലും കൊമാരത്തിലും യൌവ്വനത്തിലുമെല്ലാം. വെയിലിലേക്കും മഴയിലേക്കും പ്രഭാതത്തിലേക്കും പ്രദോഷത്തിലേക്കുമെല്ലാം തുറക്കുന്ന ജനല്‍. ശുഭവാര്‍ത്തകളിലേക്കും അശുഭവാര്‍ത്തകളിലേക്കും തുറക്കുന്ന ഒന്ന്. പോസ്റ്റുമാന്‍റെയും സന്ദര്‍ശകന്‍റെയും പിരിവുകാരന്‍റെയും മുഖം ആദ്യം തെളിയുന്നത് ഈ ജാലകത്തിലാണ്.ജനലും മഴയും തമ്മിലുള്ള ബന്ധമെന്താണ്? ഒന്നാം ക്ലാസ്സിലോ രണ്ടാം ക്ലാസ്സിലോ പഠിക്കുമ്പോള്‍ കുറെ ചിത്രകഥകള്‍ക്കും ക്രയോണുകള്‍ക്കും പാഠപുസ്തകങ്ങള്‍ക്കുമിടയ്ക്ക് ഉമ്മറത്തെ ഇരുമ്പഴിയിലൂടെ മഴയും വെയിലും രാത്രിയും പകലും കണ്ടതോര്‍മ്മയുണ്ട്. മഴയില്‍ ചുവന്ന ഞണ്ടുകള്‍ പുറകോട്ട് നൃത്തം വെച്ച് പോകുന്നതും. ആ ജനല്‍ പുറംലോകത്തേക്കു തുറന്നതായിരുന്നോ അതോ ബാല്യം എന്ന തടവുശിക്ഷയായിരുന്നോ, അറിയില്ല. ബാല്യത്തിന്‍റെ ശിഷ്ടപാദത്തിലെ ജനലുകള്‍ ഒരു പെയിന്‍റിങ്ങില്‍ കണ്ട പോലെ നരച്ച കെട്ടിടങ്ങളിലേക്കു തുറക്കുന്നതായിരുന്നു. ജനലിനപ്പുറം വിരസമായി പെയ്തു വീഴുന്ന വെയില്‍. ഏകാകിയുടെ തേങ്ങല്‍ പോലെ മഴ. നാട്ടിലെ പച്ചപ്പിലേക്കുള്ള ട്രയിന്‍ യാത്രയില്‍ പിന്നോക്കം ഓടി മറയുന്ന കാഴ്ചകള്‍ നിറഞ്ഞ ജനല്‍. അപരിചിതമായ ദേശങ്ങള്‍, ആളുകള്‍, കാഴ്ചകള്‍. പഴയ കുടുംബ വീടിന്‍റെ മര അഴികളിലൂടെ മണ്ണ് കുത്തിയൊലിച്ചൊഴുകുന്ന മഴവെള്ളം, കാഴ്ചയില്‍ പച്ചപ്പിന്‍റെ തണുപ്പ്. ദേഹത്തു നിന്നും വെള്ളം കുടഞ്ഞു കളയുന്ന കോഴികളും വളര്‍ത്തുനായും. നോക്കെത്താ ദൂരത്ത് പാടത്തിനു മുകളില്‍ പെയ്തു നിറയുന്ന മഴ. ജനലിനു പുറത്ത് ഉദിച്ചുയരുകയും അസ്തമിക്കുകയും ചെയ്യുന്ന പകലിരവും ജീവിതങ്ങളും. ജാലകത്തിനു പുറത്ത് ലൌബേര്‍ഡ്സ് കൂടുകൂട്ടിയ ബോഗന്‍വില്ലച്ചെടികള്‍. ജനലിലൂടെ എത്തിനോക്കുന്ന, പല ശബ്ദങ്ങളുണ്ടാക്കി ശ്രദ്ധയാകര്‍ഷിക്കുന്ന ഡോഗുഡു എന്ന ശുനകന്‍.മറ്റൊരോര്‍മ്മയില്‍ ജനലിലൂടെ കാണുന്ന മഴ പ്രണയമായിരുന്നു. വേദനകളില്‍ നിന്നു രക്ഷപെടാനുള്ള സ്വപ്നാടനം. പുഴയില്‍ പെയ്തു നിറയുന്ന മഴ. മഴത്തുള്ളികള്‍ രചിക്കുന്ന വൃത്ത ചിത്രങ്ങള്‍. ജനലില്‍ കൂടി പാതിരായ്ക്കു നീണ്ടു വന്ന് ശരീരത്തിന്‍റെ നിമ്നോന്നതങ്ങളില്‍ പരതിയ ഒരു കൈ ഭീതിദമായ ഓര്‍മ്മയും.അടമഴയത്ത് ടാര്‍പോളിന്‍ പാറിപ്പറക്കുന്ന ബസ്സിന്‍റെ ജനല്‍. നനവ് കുമിളിച്ചു നില്‍ക്കുന്ന ടാര്‍പ്പോളിന്‍. സ്കൂള്‍ ജനലിലൂടെ പെയ്യുന്ന മഴയും. സന്തോഷത്തിന്‍റെ മേമ്പോടി വിതറി ഉയര്‍ന്നു കേള്‍ക്കുന്ന മുദ്രാവാക്യങ്ങളും. ക്ലാസ്സ് മുറികള്‍ ശത്രുലിസ്റ്റില്‍ പെട്ടതുകൊണ്ടാവും കോളേജിലെ ജനലുകള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നതേയില്ല. വല്ലപ്പോഴും എടുത്തു ചാടുന്നതിനും കൂവിവിളിക്കുന്നതിനും തല അകത്തേക്കിട്ടു നോക്കുന്നതിനും മാത്രമുള്ള ജനലുകള്‍. കാമുകന്‍മാരും കാമുകിമാരും ജനലിനു പുറത്ത് നോക്കെത്തുന്നതും മണിയടിക്കുന്നതും കാത്ത് കാവല്‍ നിന്നിരുന്നു.തൊഴില്‍ ജീവിതത്തിലെ ആദ്യപാദങ്ങളില്‍ ലോഡ്ജിലെ ജനലിനു പുറത്ത് താഴെയുള്ള ഹോട്ടലില്‍ നിന്നുയരുന്ന പുക. സിഗരറ്റു പായ്ക്കറ്റും തുണ്ടുകടലാസുകളും നിറഞ്ഞു കിടക്കുന്ന മേല്‍ക്കൂര. മേല്‍ക്കൂരയുടെ അതിരിനപ്പുറം റോഡിലൂടെ പോകുന്നവരുടെ തലകള്‍. ജനലുകളില്ലാത്ത ലോഡ്ജ് മുറികള്‍ പിന്നെ താഴ്ന്ന മേല്‍ക്കൂരയുള്ള തെരുവിന്‍റെ ബഹളങ്ങളിലേക്കു തുറക്കുന്ന ജനല്‍. ജനലിനു പുറത്ത് സമ്പത്തിലും ദാരിദ്യത്തിലും സന്താപത്തിലും സന്തോഷത്തിലും തുടിക്കുന്ന ജീവിതങ്ങള്‍. ഇണചേരുന്ന നിഴലുകളിലേക്കു തുറക്കുന്ന ജനലുകള്‍. ബര്‍സാത്തിയുടെ വിശാലമായ ടെറസ്സിലെ വെയില്‍. തീ പോലെ ചൂടും ഐസ് പോലെ തണുപ്പും പൊടിക്കാറ്റും അകത്തേക്കു നെയ്തുവീഴുന്ന, വെട്ടുകിളിപ്പറ്റം പോലെ കൊതുകുകള്‍ പറന്നുകയറുന്ന ജനലുകള്‍. സമാന്തരമായി മറ്റൊരു ജീവിതം മാറിമാറിപ്പാര്‍ത്ത ഹോസ്റ്റല്‍ മുറികളിലും ജനലുകളുണ്ടായിരിക്കണം. ഏകാന്തതയില്‍ നിന്നും പുറത്തേക്കു തുറക്കുന്ന ജനലുകള്‍. ഒരു സ്വപ്നം ഒളിച്ചു നോക്കുന്ന നിദ്രയുടെ ജനലുകള്‍. ജാലകങ്ങളില്‍ കൂടെ കാണുന്ന പ്രണയം, പാരവശ്യം.ജനലുകള്‍ എന്നും ജീവിത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. പണത്തിനും പദവിക്കും തൊഴിലിനുമനുസരിച്ച് ജാലകക്കാഴ്ചകള്‍ മാത്രം മാറുന്നു. തെരുവിലെ ബഹളങ്ങളിലേക്കും പൊടിപടലങ്ങളിലേക്കും തുറന്ന ജനലുകള്‍ സമൃദ്ധിയിലേക്കും പച്ചപ്പുല്‍ത്തകിടികളിലേക്കും തുറക്കുന്നു. ആറു ശുനകന്‍മാരിലേക്കും ആറു കാറുകളിലേക്കും രണ്ടു ഭാര്യമാരുടെ നിഴല്‍ യുദ്ധങ്ങളിലേക്കും തുറക്കുന്നു. അല്ലെങ്കില്‍ ഇസ്തിരിയിട്ട പോലെ തേച്ച് ചന്തം വരുത്തിയ പതിഞ്ഞ ഭാഷയില്‍ സംസാരിക്കുന്ന ജീവിതങ്ങളിലേക്ക്. ജനലുകളുടെ നിര്‍വചനം മാറി വിന്‍ഡ്ഷീല്‍ഡുകളാകുന്നു. മഴത്തുള്ളികളും പുറംലോകവും തത്തിക്കളിക്കുന്ന വിന്‍ഡ്ഷീല്‍ഡുകള്‍. പുറംലോകത്തില്‍ നിന്നുള്ള ചെറുത്തു നില്‍പ്പ്. എസിമുറികളിലെ കര്‍ട്ടനുകള്‍ക്കു പുറകില്‍ ഒളിഞ്ഞിരിക്കുന്ന ജനലുകളാകുന്നു. പുറംകാഴ്ചകള്‍ തരാത്ത ട്രയിന്‍ബോഗികളിലെ ജനലും.ആകാശനീലിമയും വെള്ളിമേഘങ്ങളും മാത്രം തെളിയുന്ന ആകാശവീക്ഷണം തരുന്ന ചെറുജനലുകള്‍. കടലിലേക്കും കടല്‍നീലിമ (പച്ച?)യിലേക്കും തുറക്കുന്ന ക്യാബിന്‍ ജനലുകള്‍. ജീവിതത്തോടൊപ്പം ജനലുകളും വളരുകയും തളരുകയും ചെയ്യുന്നു.ജനലുകള്‍ ചാറ്റ് റൂമുകളിലേക്കും ഐഎം വിന്‍ഡോകളിലേക്കും വളരുന്നു. മറ്റൊരു ജീവിതം അവിടെ തുടിക്കുന്നു. സ്പന്ദിക്കുന്നു. ടിവി മറ്റൊരു ലോകജാലകമായി സ്വീകരണമുറിയിലും കിടപ്പു മുറിയിലും സ്ഥാനം പിടിച്ചിരിക്കുന്നു. അടുക്കള ജനല്‍ പുക പുറത്തുപോകാനുള്ള ഉപാധി മാത്രമായിരിക്കുന്നു. അടുക്കളത്തോട്ടങ്ങളിലേക്കും കരയുന്ന പൈക്കിടാങ്ങളിലേക്കും കിണറുകളിലേക്കും തുറക്കാത്ത അടുക്കള ജനലുകള്‍. പകരം ഉയരങ്ങളിലേക്കു തുറക്കുന്നു. കണ്ടതും കാണാനിരിക്കുന്നതുമായ ജാലകക്കാഴ്ചകള്‍ക്ക് വിരാമമിടുന്നതിനു മുന്‍പ്, ഒരു ഭിത്തിയുടെ അകലത്തില്‍ മറ്റൊരു ജാലകക്കാഴ്ച.പുറത്തു പെയ്യുന്ന മഴയുടെ ശബ്ദത്തില്‍ കിണുങ്ങുന്ന നാലു വയസ്സുകാരി.അമ്മാ ഇറ്റ്സ് റെയിനിങ്ങ് ഔട്സൈഡ്. കം കം.കര്‍ട്ടണ്‍ വകഞ്ഞു മാറ്റി ജനലിലൂടെ ആകാംക്ഷയോടെ മഴ കാണുന്ന അമ്മയും കുഞ്ഞും.മഴ കാണുമ്പോള്‍ അമ്മയുടെ ആത്മഗതം.വെന്‍ അമ്മ വാസ് യംഗ്...ഐ വാസ് ഇന്‍ കേരള, നമ്മുടെ നാട്..........................അല്‍പ്പസമയത്തിനു ശേഷം വീണ്ടും കുഞ്ഞു ശബ്ദം.വില്‍ യൂ ടേക് മീ ദേര്‍...നിശബ്ദതയ്ക്കു ശേഷംയെസ് ബേബി. ഐ വില്‍ ടേക് യൂ ദേര്‍ ഒണ്‍സ്ആ അമ്മയും ജാലകക്കാഴ്ചകള്‍ കൊതിച്ചിരിക്കുമോ?